എന്തുകൊണ്ട് ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാറിനെ പിന്തുണച്ചു; കാരണം വിശദീകരിച്ച് വെള്ളാപ്പള്ളി
കണിച്ചുകുളങ്ങര: ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാറിനെ പിന്തുണച്ചതിന്റെ കാരണം വിശദീകരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായാംഗങ്ങള്‍ കേസില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിനെ പിന്തുണച്ചതെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധം അഴിച്ചുവിട്ടു. ഒരുപാട് പേര്‍ ജയിലിലായി. സമരത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ അകത്ത് പോകുന്നത് ഈഴവരാകുമായിരുന്നു. കെ. സുരേന്ദ്രന്‍ എത്രദിവസം ജയിലില്‍ കഴിയേണ്ടിവന്നുവെന്നത് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി സര്‍ക്കാറിന് എസ്.എന്‍.ഡി.പി ശക്തമായ പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തേയും ഗുരുവിനേയും അംഗീകരിക്കുന്ന സര്‍ക്കാറാണിത്. മുഖ്യമന്ത്രിയും സര്‍ക്കാറും അനുഭാവപൂര്‍വ്വം വരുമ്പോള്‍ തിരിഞ്ഞുനില്‍ക്കേണ്ട കാര്യമില്ല. ഒരുപാട് സഹായങ്ങള്‍ ഈ സര്‍ക്കാറില്‍ നിന്നും നേടിയെടുക്കാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും സമുദായാംഗങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നും വെള്ളാപ്പള്ളി മുമ്പ് ആവശ്യപ്പെട്ടിരുന്നു.
‘മറ്റുള്ളവര്‍ക്കുവേണ്ടി രക്തസാക്ഷികളാകാന്‍ സമുദായാംഗങ്ങള്‍ നിന്നുകൊടുക്കരുത്. ഭക്തര്‍ക്ക് എതിരല്ല. സര്‍ക്കാര്‍ പിന്തുണക്കാരനുമല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ശബരിമല വിഷയം ഒന്നും കാണില്ല. ശബരിമലയിലും ദേവസ്വം ബോര്‍ഡിലും സവര്‍ണ മേധാവിത്വമാണ്. 3.6% മാത്രമാണ് ജീവനക്കാരില്‍ ഈഴവ പ്രാതിനിധ്യം. ഇതിനെതിരെ ത്രെ വര്‍ഷമായി സമരം ചെയ്യുന്നു. ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.’ എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സംഘടിത വോട്ടു ബാങ്കുകള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ നെട്ടോട്ടമാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങള്‍ക്കു പിന്നില്‍ സവര്‍ണലോബിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തമ്പ്രാക്കന്മാരെന്നു ധരിക്കുന്ന ചിലരാണ് സമരത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.