Advertisement
Kerala
ഈഴവനായത് കൊണ്ടാണ് ഇത്രയും വിമര്‍ശനം; ശരീര ഭാഷയും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടത്: വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 26, 05:46 pm
Sunday, 26th May 2019, 11:16 pm

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിമാറ്റണമെന്ന ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്‍. ഈഴവനായത് കൊണ്ടാണ് പിണറായി വിജയന്‍ ഇത്രയും വിമര്‍ശനം നേരിടേണ്ടി വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശരീര ഭാഷയും നിറവും നോക്കിയല്ല പിണറായി വിജയനെ വിലയിരുത്തേണ്ടതെന്നും സാധാരണക്കാരോട് കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കിയാണ് പിണറായിയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ യു.ഡി.എഫ് വിജയിക്കുകയും എല്‍.ഡി.എഫ് ഒരു സീറ്റിലേക്ക് ഒതുങ്ങി കനത്ത തോല്‍വി ഏറ്റുവാങ്ങിയത് പിണറായിയുടെ ധാഷ്ട്യവും ധിക്കാരവുമാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ശൈലി ഇത് തന്നെയായിരിക്കുമെന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.

‘എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കുമെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. ആര്‍ക്കാണ് ധാര്‍ഷ്ഠ്യം എന്ന് ജനങ്ങള്‍ തീരുമാനിക്കും. ഞാന്‍ ഈ നിലയില്‍ എത്തിയത് എന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല’ ഇനി ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു പിണറായി.

പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം നിരവധി പേര്‍ പിണറയിയുടെ പ്രസ്താവനയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തുകയും മുഖ്യധാര ചാനലുകള്‍ പിണറയായുടെ ശൈലിയെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.