കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിനു 18 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും. എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ എട്ടാം പ്രതിയായ കേണല്‍ ജയരാജന്‍ നായരെ 11 വര്‍ഷം തടവിനും വിധിച്ചിട്ടുണ്ട്.
നേരത്തെ കേസില്‍ അഞ്ച് പ്രതികളെ വെറുതെ കോടതി വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഭൂരിപക്ഷം കേസുകളിലും ഇവര്‍ പ്രതിയാണ്. പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
2011 ലാണ് കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തത്.
പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.