World News
മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണം; പ്രസ്താവനയിറക്കി വത്തിക്കാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 01:03 am
Tuesday, 22nd April 2025, 6:33 am

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും മൂലമാണെന്ന് അറിയിച്ച് വത്തിക്കാൻ. വത്തിക്കാൻ ഡോക്ടറായ ആൻഡ്രിയ അർക്കാൻജെലി നൽകിയ മരണ സർട്ടിഫിക്കറ്റിലാണീ വിവരം പറയുന്നത്. പക്ഷാഘാതം വന്ന അദ്ദേഹം കോമയിലായെന്നും തുടർന്ന് ഹൃദയസ്തംഭനം ഉണ്ടായെന്നും റിപ്പോർട്ട് പറഞ്ഞു.

അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് കർദിനാൾ കെവിൻ ഫാരെലാണ് വത്തിക്കാന്റെ താത്ക്കാലിക നേതൃത്വം ഏറ്റെടുക്കുക.

പതിനായിരക്കണക്കിന് വിശ്വസസികല്സയിരുന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയത്. അവരെ സാക്ഷിയാക്കി ഇന്നലെ നടന്ന സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് കർദിനാൾ കെവിൻ ഫാരെലാണ്. ഇന്ന് വത്തിക്കാനിൽ ചേരുന്ന കർദിനാൾമാരുടെ യോഗത്തിൽ സംസ്കാരകാര്യങ്ങളിൽ തീരുമാനമെടുക്കും.

നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അതിനിടെ മാർപ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്ത് വിട്ടു. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണം എന്നാണ് മാർപ്പാപ്പ മരണാപത്രത്തിൽ പറയുന്നത്. മുൻ മാർപ്പാപ്പാമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്.

ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും അദ്ദേഹം മരണപത്രത്തിൽ പറയുന്നുണ്ട്.

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു ഫ്രാൻസിസ് മാർ‌പാപ്പ. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു.

ഗസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലും ഇസ്രഈലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയിരുന്നു അദ്ദേഹം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. 2013ലാണ് അദ്ദേഹം പോപ്പ് പദവിയിലെത്തിയത്.

ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്നാണ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര്. അര്‍ജന്റീനക്കാരനായ ബെര്‍ഗോഗ്ലിയോ മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയിയിലൂടെ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ ആണ് മാര്‍പാപ്പയുടെ മരണവിവരം അറിയിച്ചത്.

 

Content Highlight: Pope Francis died of a stroke and heart failure, Vatican doctor says