Entertainment
പഴംപൊരി ഇഷ്ടമാണെന്ന് തൃഷ, ദ്വയാര്‍ത്ഥ പരാമര്‍ശവുമായി കമല്‍ ഹാസനെന്ന് സോഷ്യല്‍ മീഡിയ, വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 02:19 am
Tuesday, 22nd April 2025, 7:49 am

തമിഴ് സിനിമാലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ് മീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പ്രസ് മീറ്റിനിടെ തൃഷയോട് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് കാണികളിലൊരാള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി എല്ലാ ഭക്ഷണവും ഇഷ്ടമാണെന്നും പഴം കൊണ്ടുള്ള വിഭവം ഉണ്ടല്ലോ എന്ന് പറഞ്ഞ തൃഷക്ക് ആ വിഭവത്തിന്റെ പേര് പറയാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന അശോക് സെല്‍വനാണ് പഴംപൊരിയെന്ന് പറഞ്ഞുകൊടുത്തത്.

ഇത് കേട്ട കമല്‍ ഹാസന്‍ ‘പേര് പറയാന്‍ അറിയില്ലെങ്കിലും വായിലിട്ടാല്‍ ഇറക്കിക്കോളും’ എന്ന് പറയുകയായിരുന്നു. കുറച്ചുനേരത്തിന് ശേഷം തൃഷയുടെ കാല്‍മുട്ടില്‍ തട്ടി അത് തമാശയാണെന്ന് സൂചിപ്പിച്ചു. കാണികളെല്ലാവരും ഈ സമയം ചിരിക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കമല്‍ ഹാസന്റെ പരാമര്‍ശം ദ്വയാര്‍ത്ഥം നിറഞ്ഞതാണെന്നും അല്ലായിരുന്നെങ്കില്‍ എല്ലാവരും എന്തിനാണ് ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. കമലിനെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും സീനിയറായിട്ടുള്ള, ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ കമല്‍ ഹാസനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് പലരും പറയുന്നത്.

എന്നാല്‍ കമല്‍ ഹാസനെ പിന്തുണച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. കമല്‍ ഹാസന്‍ പറഞ്ഞതില്‍ ദ്വയാര്‍ത്ഥം ഇല്ലെന്നും ഭക്ഷണത്തിന്റെ പേര് പറയാനറിയാത്തതില്‍ കളിയാക്കിയതാണെന്നാണ് പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കമല്‍ ഹാസനെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്.

വിജയ് നായകനായ ലിയോയുടെ സക്‌സസ് സെലിബ്രേഷനിടയില്‍ നടനും സംവിധായകനുമായ മന്‍സൂര്‍ അലി ഖാന്‍ തൃഷയെപ്പറ്റി വിവാദപരമായ പരാമര്‍ശം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു. കമല്‍ ഹാസന്റെ പരാമര്‍ശത്തെ തൃഷ എങ്ങനെയാകും എടുക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Kamal Haasan’s double meaning dialogue to Trisha criticizing by social media