ന്യൂദൽഹി: ദൽഹി കോടതിയിൽ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി ചെക്ക് ബൗൺസ് കേസിലെ പ്രതിയും അഭിഭാഷകനും. തനിക്ക് അനുകൂലമായി വിധി പറയാത്തതിന് പ്രതി വനിതാ ജഡ്ജിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിധിയിൽ പ്രകോപിതനായ പ്രതി ജഡ്ജിയുടെ നേരെ ഒരു വസ്തു അറിയാനും ശ്രമിച്ചു.
ദൽഹിയിലെ ദ്വാരകയിലെ കോടതിയിലാണ് സംഭവം നടന്നത്. ജഡ്ജി ശിവാംഗി മംഗ്ലയ്ക്ക് നേരെയാണ് പ്രതിയും അഭിഭാഷകനും ഭീഷണി മുഴക്കിയത്. ആറ് വർഷം പഴക്കമുള്ള ചെക്ക് ബൗൺസ് കേസിൽ ഒരാളെ ശിക്ഷിച്ചതിനെത്തുടർന്ന് ജഡ്ജി ശിവാംഗി മംഗ്ല രാജിവെക്കണമെന്ന് പ്രതിയും അഭിഭാഷകനും ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം അവർക്കെതിരെ പരാതി നൽകുകയും രാജിവയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. പ്രതി ജഡ്ജിയോട് വളരെ പരുഷമായ ഭാഷയിലാണ് സംസാരിച്ചത്. ‘നീ ആരാണ്, റത്ത് വന്നെന്നെ കണ്ടുനോക്ക്, നീ എങ്ങനെ ജീവനോടെ തിരിച്ച് പോകുമെന്ന് കാണാം’ എന്നായിരുന്നു പ്രതിയുടെ ഭീഷണി.
തന്റെ കുടുംബത്തെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾ ഉൾപ്പെടെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചാണ് പ്രതി സംസാരിച്ചതെന്നും വിധി മാറ്റാൻ പ്രതി തന്നെ സമ്മർദ്ദം ചെലുത്തിയതായും ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നും നീതിന്യായത്തിനൊപ്പം നിലകൊള്ളുമെന്നും ജഡ്ജി വ്യക്തമാക്കി.
കൂടാതെ തനിക്ക് നേരിട്ട ഭീഷണിക്കും അധിക്ഷേപത്തിനുമെതിരെ വനിതാ കമ്മീഷന് പരാതി നൽകുമെന്നും ജഡ്ജി ശിവാംഗി മംഗ്ല പറഞ്ഞു. ‘ജോലി രാജിവയ്ക്കാൻ അവർ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കാൻ ശ്രമിച്ചില്ലെങ്കിൽ എനിക്കെതിരെ പരാതി നൽകുകയും എന്നെ നിർബന്ധിച്ച് രാജി വെപ്പിക്കുമെന്നും അവർ പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷന് പരാതി നല്കുന്നതായിരിക്കും,’ ജഡ്ജി പറഞ്ഞു.
കൂടാതെ പ്രതിയുടെ അഭിഭാഷകനായ അതുൽ കുമാറിന് ജഡ്ജി നോട്ടീസ് അയക്കുകയും ചെയ്തു. കോടതിയിൽ ജഡ്ജിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കുറ്റം ചുമത്താതിരിക്കണമെങ്കിൽ അതിന് തക്കതായ വിശദീകരണം നൽകാനാണ് നോട്ടീസിൽ പറയുന്നത്. അടുത്ത വാദം കേൾക്കുന്ന ദിവസം അഭിഭാഷകൻ വിശദീകരണം നൽകണം.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ശിക്ഷാർഹമായ കുറ്റത്തിന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എൻ.ഐ ആക്ട്) ശിവാംഗി മംഗ്ല പ്രതിക്ക് 22 മാസം തടവും 6.65 ലക്ഷം രൂപ പിഴയും അവർ വിധിച്ചു.
Content Highlight: Tu Hai Kya Cheez”: Convict Issues Death Threat To Delhi Judge In Courtroom