Advertisement
national news
വിദ്യാർത്ഥികളിലെ ലഹരി ആസക്തി ഇല്ലാതാക്കാൻ നീക്കം; സ്കൂളുകളിൽ എനർജി ഡ്രിങ്ക്സ് ബാൻ ചെയ്ത് പഞ്ചാബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 01:41 am
Tuesday, 22nd April 2025, 7:11 am

അമൃത്‌സർ: വിദ്യാർത്ഥികളിലെ ലഹരി വസ്തുക്കളുടെ ആസക്തി ചെറുക്കുന്നതിയായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചാബിലെ സ്കൂളുകളിൽ എനർജി ഡ്രിങ്ക്സ് ബാൻ ചെയ്ത് സർക്കാർ. പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ് തിങ്കളാഴ്ച സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ എനർജി ഡ്രിങ്കുകൾ പൂർണമായും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളെ ആസക്തികളിൽ നിന്നും അനാരോഗ്യകരമായ ശീലങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മൻസയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബൽബീർ സിങ് പറഞ്ഞു.

സ്കൂൾ കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ബൽബീർ സിങ് മുന്നറിയിപ്പ് നൽകി.

പഞ്ചാബിൽ നിന്ന് മയക്കുമരുന്ന് തുടച്ചുനീക്കാൻ സംസ്ഥാന സർക്കാർ തുടർച്ചയായ ശ്രമങ്ങൾ നടത്തുകയാണെന്ന് സിങ് കൂട്ടിച്ചേർത്തു. ‘മയക്കുമരുന്ന് വിൽപ്പനക്കാരെ വെറുതെ വിടില്ല. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടാൻ ഭരണകൂടവും പൊലീസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ മയക്കുമരുന്നിനെതിരായി വലിയ യുദ്ധം തന്നെ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ നിരീക്ഷിക്കാൻ സർക്കാർ ക്യാബിനറ്റ് മന്ത്രിമാരുടെ അഞ്ചംഗ സമിതി രൂപീകരിച്ചു.

മയക്കുമരുന്ന് ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുക, വിതരണ ശൃംഖലകൾ പൊളിച്ചുമാറ്റുക, കടത്തുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ചുമതലകൾ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മയക്കുമരുന്ന് കടത്തുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും പൊളിക്കുകയും ചെയ്യും.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ നടപടികൾക്ക് പുറമെ, ഭക്ഷ്യസുരക്ഷയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് മന്ത്രി സംസാരിച്ചു. ശുദ്ധമായ പാൽ, പനീർ, മധുരപലഹാരങ്ങൾ, സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Content Highlight:  Punjab bans energy drinks in schools to curb addiction among minors