ന്യൂദല്‍ഹി: കൊവാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മറ്റു നിര്‍മാണ കമ്പനികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കുന്നതിനായി മറ്റു കമ്പനികളെകൂടി ഉള്‍പ്പെടുത്താന്‍ ഭാരത് ബയോടെക് തയ്യാറായതോടെയാണ് കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചത്.
‘കൂടുതല്‍ കൊവാക്‌സിന്‍ നിര്‍മിക്കുന്നതിനായി മറ്റു കമ്പനികളെ കൂടി അനുവദിക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊവാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക് മറ്റു കമ്പനികള്‍ക്കു കൂടി വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് ഞങ്ങളോട് ചര്‍ച്ച നടത്തി,’ നീതി ആയോഗ് അംഗം ഡോ. വി. കെ പോള്‍ പറഞ്ഞു.
കൊവാക്‌സിന്‍ നിര്‍മിക്കുന്നത് ബി.എസ്.എല്‍.3 ലാബുകളിലാണ്. എല്ലാ കമ്പനികളിലും ഈ സൗകര്യം ഇല്ല. എന്നാല്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നവരെ സ്വാഗതം ചെയ്യുകയാണ്. മുന്നോട്ട് വരുന്ന കമ്പനികളുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും. കേന്ദ്രം ഇതിനായി എല്ലാ സഹായവും ചെയ്യുമെന്നും ഡോ. വി. കെ പോള്‍ പറഞ്ഞു.
216 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന്‍ നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അഞ്ച് മാസത്തിനിടയില്‍ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് നീതി ആയോഗ് അംഗം ഡോ. വി. കെ പോള്‍ വ്യക്തമാക്കിയിരുന്നു.
വിവിധ കൊവിഡ് വാക്‌സിനുകളുടെ നിര്‍മാണവും വിതരണവുമാണ് അഞ്ച് മാസത്തിനിടയില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
216 കോടി ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതില്‍ 75 കോടി കൊവിഷീല്‍ഡും 55 കോടി കൊവാക്സിനുമായിരിക്കുമെന്നും വി.കെ പോള്‍ പറഞ്ഞു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും കൊവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.
റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് v കൊവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക