'ഞാനില്ലേ'; രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ തന്റെ പേര് വലിച്ചിഴക്കരുത്: വി.എം. സുധീരന്‍
Kerala News
'ഞാനില്ലേ'; രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ തന്റെ പേര് വലിച്ചിഴക്കരുത്: വി.എം. സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th March 2022, 8:21 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും തിരിച്ചുവരവുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നും അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു അഭ്യര്‍ത്ഥന: എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല.

അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന,’ വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ എഴുതി.

ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.

അതേസമയം, ആന്റണിക്ക് പകരക്കാരനെ കണ്ടെത്താന്‍ കെ.പി.സി.സി ശ്രമം തുടങ്ങി. എ.കെ. ആന്റണി മാറുമ്പോള്‍ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി.ടി. ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്. കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എം.പിമാരെ തെരഞ്ഞെടുക്കും. കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കും.