തകരാത്ത റെക്കോഡുമായി ഒടിയന്റെ 6 വർഷങ്ങൾ; പോസ്റ്റുമായി സംവിധായകൻ, രണ്ടാംഭാഗം ഉണ്ടോയെന്ന് ആരാധകർ
Entertainment
തകരാത്ത റെക്കോഡുമായി ഒടിയന്റെ 6 വർഷങ്ങൾ; പോസ്റ്റുമായി സംവിധായകൻ, രണ്ടാംഭാഗം ഉണ്ടോയെന്ന് ആരാധകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th December 2024, 4:04 pm

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയൻ. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയൻ എന്ന വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വമ്പൻ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഒടിയൻ.

ചിത്രത്തിനായി ശരീര ഭാരം കുറച്ച് മോഹൻലാൽ നടത്തിയ മേക്കോവറും അത്ഭുതത്തോടെയാണ് മലയാളികൾ കണ്ടത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണന്റെ കഥ, പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ചിത്രം തുടങ്ങി ഒടിയന് വേണ്ടി കാത്തിരിക്കാൻ കാരണങ്ങൾ ഒരുപാടായിരുന്നു. റിലീസിന് മുമ്പിറങ്ങിയ ടീസറും വലിയ ഇമ്പാക്ട് സിനിമ പ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരുന്നു.

എന്നാൽ അമിത പ്രതീക്ഷ തന്നെയായിരുന്നു ചിത്രത്തിന് അപകടമായത്. ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. മലയാള സിനിമ മുമ്പൊന്നും കാണാത്ത വിധത്തിലുള്ള പ്രൊമോഷൻ നടത്തിയിറങ്ങിയ ഒടിയൻ റിലീസിന് ശേഷം നിരവധി ട്രോളുകളും നേരിട്ടു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോന് സാധിച്ചു.

ഒടിയനിറങ്ങിയിട്ട് ആറുവർഷം പൂർത്തിയായിരിക്കുയാണ്. സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒടിയന്റെ ആറ് വർഷങ്ങൾ, റെക്കോഡുകൾ തകർക്കപ്പെടാതെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ക്യാപ്ഷ്യനോടെ മോഹൻലാലിന്റെ ഒരു കട്ട് ഔട്ടിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഒടിയൻ ബോക്സ് ഓഫീസിൽ ലോങ്ങ് റൺ നടത്തിയില്ലെങ്കിലും റിലീസിങ് ടൈമിൽ റെക്കോഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇന്നും മലയാളത്തിലെ ഹൈയസ്റ്റ് ഫസ്റ്റ് ഡേ കളക്ഷൻ റെക്കോഡിൽ ഒന്ന് ഒടിയന്റെ പേരിൽ തന്നെയാണ്. ഒരു ഹർത്താൽ ദിവസം തിയേറ്ററിൽ എത്തിയ ഒടിയനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നതും വലിയ വാർത്തയായി മാറിയിരുന്നു. പാൽ, പത്രം, ഒടിയൻ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കും എന്നായിരുന്നു അന്നിറങ്ങിയ വൈറൽ വാചകം.

ശ്രീകുമാർ മേനോന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ഇതിനോടകം കമന്റ് ചെയ്തിരിക്കുന്നത്. ഒടിയന്റെ രണ്ടാംഭാഗം വേണമെന്ന് ചിലർ പറയുമ്പോൾ അടുത്തൊരു സിനിമയുമായി തിരിച്ചുവരാനും ചിലർ പറയുന്നുണ്ട്. ഒടിയന് ശേഷം മിഷൻ കൊങ്കൺ എന്ന പേരിൽ മോഹൻലാലിനെ വെച്ച് മറ്റൊരു സിനിമ അനൗൺസ് ചെയ്തിരുന്നുവെങ്കിലും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നെ വന്നിട്ടില്ലായിരുന്നു.

 

Content Highlight: V.A.Sreekumar Menon’s Fb Post About Odiyan Movie