ജോഷിമഠിലെ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
national news
ജോഷിമഠിലെ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 5:20 pm

ഡെറാഡൂണ്‍: ജോഷിമഠിലെ ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. ദുരന്തബാധിതര്‍ക്ക് 50,000 രൂപ മുന്‍കൂറായി നല്‍കും.

വീട് വാടകയ്ക്കെടുക്കുന്നവര്‍ക്ക് ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപ നല്‍കുമെന്നും, ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍. മീനാക്ഷി സുന്ദരം മാധ്യമങ്ങളോട് പറഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളുടെ സര്‍വേ നടന്നുവരികയാണെന്നും ആളുകളെ താല്‍ക്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും സുന്ദരം പറഞ്ഞു.

‘വിള്ളലുകള്‍ വീണ് അപകടനിലയിലായ രണ്ട് ഹോട്ടലുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ ഹോട്ടലുകള്‍ ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും ഭീഷണിയാണ്. ഇതല്ലാതെ ഒരു കെട്ടിടവും ഇപ്പോള്‍ പൊളിക്കുന്നില്ല,’ സുന്ദരം പറഞ്ഞു.

ജോഷിമഠിലെ ഭൂമിയില്‍ വിള്ളലുകള്‍ വീണ് അപകടത്തിലായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി മതിയായ നഷ്ടപരിഹാരവും സുരക്ഷയും ആവശ്യപ്പെട്ട് ദുരന്ത ബാധിതര്‍ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് മാര്‍ക്കറ്റ് നിരക്ക് അനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സുന്ദരം നേരത്തെ താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

ജോഷിമഠില്‍ ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന രണ്ട് ഹോട്ടലുകളടക്കമുള്ള അസ്ഥിരമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനുള്ള യന്ത്രങ്ങളും സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അധികാരികള്‍ തന്റെ സ്വത്ത് മതിയായ നഷ്ടപരിഹാരം നല്‍കാതെ ബലമായി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ സ്വയം തീകൊളുത്തുമെന്ന് പൊളിച്ചുമാറ്റപ്പെട്ട ഹോട്ടലിന്റെ ഉടമയും പറഞ്ഞിരുന്നു.

നിലവില്‍ ജോഷിമഠില്‍ 86 വീടുകളുള്ള ഒരു പ്രദേശം സുരക്ഷിതമല്ലാത്ത മേഖലയായി തിരിച്ചിട്ടുണ്ട്. ഇതുവരെ 723 വീടുകള്‍ക്കാണ് പ്രദേശത്ത് വിള്ളലുണ്ടായത്. ഇതില്‍ 131 കുടുംബങ്ങളിലെ 462 പേരെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: Uttarakhand CM announces ₹1.5 lakh compensation for affected families in Joshimath