ന്യൂദല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗം ആതിഖ് അഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസാദ് ഖാന്‍ കൊല്ലപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് ക്ലീന്‍ ചീറ്റ്. കേസിലെ യു.പി പൊലീസിന്റെ വാദം ജുഡീഷ്യല്‍ കമ്മീഷന്‍ ശരിവെച്ചു. ആതിഖ് അഹമ്മദിന്റെ മകന്‍ ഉള്‍പ്പെടെ നാല് പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
2023ല്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ യു.പി പൊലീസിന് ദുരുദ്ദേശപരമോ വ്യക്തിപരമായ താത്പര്യമോ ഗൂഢാലോചനയോ ഇല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കൂടാതെ ഓപ്പറേഷനില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം ലംഘിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യഥാക്രമം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ മൂന്ന് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്.
2005ലാണ് ബി.എസ്.പി എം.എല്‍.എയായിരുന്ന രാജു പാല്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഈ കേസിലെ പ്രധാന സാക്ഷിയായിരുന്ന അഭിഭാഷകന്‍ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും 2022 ഫെബ്രുവരി 24ന് പട്ടാപകല്‍ വെടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ പ്രതികളാണ് മുന്‍ ബി.എസ്.പി എം.പിയായ ആതിഖ് അഹമ്മദും മകന്‍ ആസാദും.
ഉമേഷിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ആസാദും കൂട്ടാളിയും ബൈക്ക് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഏറ്റുമുട്ടലിന്റെ വിശ്വാസ്യത രാജ്യത്തുടനീളം ചോദ്യം ചെയ്യപ്പെട്ടതോടെ ഏറ്റുമുട്ടലിലെ അന്വേഷണത്തിനായി യു.പി സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുകയുമായിരുന്നു.
അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി രാജീവ് ലോചന്‍ മെഹ്‌റോത്രയും യു.പി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ ഗുപ്തയുമായിരുന്നു സമിതിയിലെ അംഗങ്ങള്‍. തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് സമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു.
റിപ്പോര്‍ട്ടിലെ ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. മരിച്ചയാളുടെ മുറിവുകള്‍ ദൂരെ നിന്ന് തൊടുത്ത വെടിയുണ്ടകളില്‍ നിന്നാണെന്നും, പൊലീസ് സംഘം കൊണ്ടുപോയ തോക്കാണ് വെടിവെക്കാന്‍ ഉപയോഗിച്ചതെന്നുമായിരുന്നു ഫോറന്‍സിക് വാദം.