ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പിയും എം.എല്‍.എയും സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു
Uthar Pradesh
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പിയും എം.എല്‍.എയും സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 9:19 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയും എം.പിയും സ്വന്തം പാര്‍ട്ടിക്കെതിരെ സമരത്തിനൊരുങ്ങുന്നു. സേലംപൂര്‍ എം.പി രവീന്ദ്ര കുശ്‌വാഹയും ബൈരിയ എം.എല്‍.എ സുരേന്ദ്ര സിങ്ങുമാണ് വ്യത്യസ്ത വിഷയങ്ങളില്‍ സമരത്തിനൊരുങ്ങുന്നത്.

ബെല്‍തറയിലും സേലംപൂരിലും ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനായി പാര്‍ലിമെന്റിന്റെ മണ്‍സൂണ് സെഷനില്‍ പ്രതിഷേധ സമരം നടത്തുമെന്നാണ് എം.പി രവീന്ദ്ര കുശ്‌വാഹ കഴിഞ്ഞ ദിവസം പറഞ്ഞത്.

“ബെല്‍തറയിലും സേലംപൂരിലും ട്രെയിന്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കിട്ടാന്‍ ജനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. ഞാന്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് എട്ട് കത്തുകള്‍ എഴുതിയിട്ടും വിഷയത്തില്‍ തീരുമാനമായില്ല.” എം.പി പറഞ്ഞു.


Read | ലോക്‌സഭാ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കി ബി.ജെ.പി, രാജ്യത്തെ 50 പ്രമുഖ വ്യക്തികളെ കാണും; ഇന്ന് മുന്‍ ചീഫ് ജസ്റ്റിസുമായി അമിത്ഷാ കൂടികാഴ്ച്ച നടത്തും


 

തെഹ്‌സില്‍ ഓഫിസിലെ അഴിമതി അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ബൈരിയ എം.എല്‍.എ സുരേന്ദ്ര സിങ്ങ് പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങുന്നത്. വിഷയത്തില്‍ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് സുരേന്ദ്ര സിങ് പ്രഖ്യാപിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് ബി.ജെ.പിയുടെ ഭരണത്തെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച് യു.പിയിലെ എം.എല്‍.എ രംഗത്ത് വന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും വീണ്ടും ബി.ജെ.പിക്കെതിരെ സ്വരമുയരുന്നത്.

ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എമാര്‍ ഹാര്‍ദോയ് എം.എല്‍.എ ശ്യാം പ്രകാശും ബാലിയ എം.എ.എല്‍ സുരേന്ദ്ര സിംഗുമാണ് ബി.ജെ.പിയുടെ തോല്‍വിയ്ക്ക് പിന്നാലെ പരസ്യമായി രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.