തെലങ്കാന ബാലറ്റ് പേപ്പര്‍ വോട്ടെണ്ണല്‍ ഫലങ്ങളില്‍ ചില സംശയങ്ങളുണ്ട്; തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
telangana assembly elections
തെലങ്കാന ബാലറ്റ് പേപ്പര്‍ വോട്ടെണ്ണല്‍ ഫലങ്ങളില്‍ ചില സംശയങ്ങളുണ്ട്; തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 11:54 am

 

ഹൈദരാബാദ്: തെലങ്കാനയില്‍ ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നെന്ന സംശയമുണ്ടെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉത്തം കുമാര്‍ റെഡ്ഡി. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്നും റെഡ്ഡി വ്യക്തമാക്കി.

” തെലങ്കാന ബാലറ്റ് പേപ്പര്‍ കൗണ്ടിങ്ങില്‍ ചില സംശയങ്ങളുണ്ട്. ഇ.വി.എം അട്ടിമറി നടന്നതായി സംശയിക്കുന്നു. വി.വി.പാറ്റുകളിലെ സ്ലിപ്പുകള്‍ എണ്ണണം.” ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.

ഇതിനെതിരെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പരാതിയുമായി റിട്ടേണിങ് ഓഫീസറെ സമീപിക്കും. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കും. വോട്ടെണ്ണുന്നതിനു മുമ്പ് തെരഞ്ഞെടുപ്പില്‍ ആരൊക്കെ തോല്‍ക്കുമെന്ന് ടി.ആര്‍.എസിന് എങ്ങനെ കൃത്യമായി പറയാന്‍ കഴിഞ്ഞു?” എന്നും അദ്ദേഹം ചോദിച്ചു.

Also Read:തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെ കണ്ട് മോദി; തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ തിരിഞ്ഞുനടന്നു

തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം 22 ലക്ഷത്തോളം പേരുടെ പേരുകള്‍ വോട്ടര്‍ലിസ്റ്റില്‍ നിന്നും നീക്കിയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

തെലങ്കാനയില്‍ 91 സീറ്റുകള്‍ നേടി ടി.ആര്‍.എസ് അധികാരം ഉറപ്പിച്ചിട്ടുണ്ട്. 19 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.