2025 IPL
ഇവന്‍ ചെന്നൈയുടെ കാലന്‍; ഹര്‍ഭജനെയും വെട്ടി തൂക്കിയത് കിടിലന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 03:11 am
Saturday, 12th April 2025, 8:41 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 104 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച ശേഷം ധോണിയും സംഘവും വിജയക്കൊടി കണ്ടിട്ടില്ല.

ചെന്നൈ നിരയെ അടപടലം തീര്‍ത്തത് കൊല്‍ക്കത്തയുടെ സ്പിന്നര്‍ സുനില്‍ നരേയ്‌നാണ്. നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 3.25 എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. രാഹുല്‍ ത്രിപാഠി (16), രവീന്ദ്ര ജഡേജ (0), എം.എസ്. ധോണി (1) എന്നിവരുടെ വിക്കറ്റുകളാണ് നരേയ്ന്‍ നേടിയത്.

ഇതോടെ ചെന്നൈക്കെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും നരേയ്‌ന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനാണ് സുനില്‍ നരേയ്‌ന് സാധിച്ചത്. ഹര്‍ഭജന്‍ സിങ്ങിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ലസിത് മലിംഗയാണ് ഒന്നാമന്‍.

ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരം, വിക്കറ്റ്

ലസിത് മലിംഗ – 31

സുനില്‍ നരേയ്ന്‍ – 25*

ഹര്‍ഭജന്‍ സിങ് – 24

പീയുഷ് ചൗള – 22

പ്രഗ്യാന്‍ ഓജ – 21

നരേയ്‌ന് പുറമെ ഹര്‍ഷിത് റാണ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വൈഭവും മൊയീനും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയതും സുനില്‍ തന്നെയാണ് 18 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 16 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27 റണ്‍സും നേടിയപ്പോള്‍ റിങ്കു സിങ് 15 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജിനും നൂര്‍ അഹമ്മദിനും മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിച്ചത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ചെന്നൈ നിരയിലെ ആറ് പേരാണ് ഒറ്റസംഖ്യയില്‍ പുറത്തായത്. ടീമിന് വേണ്ടി മികവ് പുലര്‍ത്തിയത് ശിവം ദുബെയാണ് 29 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. വിജയ് ശങ്കര്‍ 29 റണ്‍സും നേടി. ക്യാപ്റ്റനായി തിരിച്ചെത്തിയ ധോണി നാല് പന്ത് കളിച്ച് ഒരു റണ്‍സിനാണ് പുറത്തായത്.

Content Highlight: IPL 2025: Sunil Narine In Great Record Against CSK