Advertisement
World News
അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍ വംശജര്‍ക്കുള്ള 'താത്ക്കാലിക സംരക്ഷണ പദവി' അവസാനിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 03:11 am
Saturday, 12th April 2025, 8:41 am

വാഷിങ്ടൺ: അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികൾക്കും കാമറൂണിയക്കാർക്കും നൽകിവരുന്ന നിയമപരമായ പരിരക്ഷകൾ അവസാനിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ് ക്രിസ്റ്റി നോയിം തീരുമാനം സ്ഥിരീകരിച്ചു. ഇത് ഏകദേശം 14,600 അഫ്ഗാനികളെയും 7,900 കാമറൂണിയക്കാരെയും ബാധിക്കുമെന്നാണ് റിപ്പോർട്ട്.

മുമ്പ് താത്ക്കാലിക സംരക്ഷിത പദവി (ടി.പി.എസ്) ഉണ്ടായിരുന്ന 14,600 അഫ്ഗാനികൾക്ക് മെയ് മാസത്തിൽ അത് നഷ്ടപ്പെടുമെന്നാണ് നിഗമനം. അതേസമയം ജൂണിൽ ഏകദേശം 7,900 കാമറൂണിയക്കാർക്കും സംരക്ഷിത പദവി നഷ്ടമാകും.

സായുധ സംഘട്ടനങ്ങൾ അല്ലെങ്കിൽ പാരിസ്ഥിതിക ദുരന്തങ്ങൾ പോലുള്ള സാഹചര്യങ്ങൾ നേരിടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് യു.എസ് ടി.പി.എസ് അനുവദിക്കുന്നത്. അവർ നിലവിൽ അമേരിക്കയിലാണെങ്കിലാണ് ടി.പി.എസ് ലഭിക്കുക. ദുരന്തങ്ങളും യുദ്ധവും കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്നത് അവരുടെ ജീവന് ഭീഷണിയായതിനാലാണ് താത്ക്കാലിക സംരക്ഷണ പദവി നൽകി വരുന്നത്.

ഈ പദവി സാധാരണയായി 18 മാസം വരെ നീണ്ടുനിൽക്കും. നിലവിലുള്ള ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്ക് ഇത് പുതുക്കാനും കഴിയും. കൂടാതെ നാടുകടത്തൽ സംരക്ഷണവും വർക്ക് പെർമിറ്റുകളിലേക്കുള്ള പ്രവേശനവും ഈ പദവി വാഗ്ദാനം ചെയ്യുന്നു.

ഡി.എച്ച്.എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്‌ലിൻ പറയുന്നതനുസരിച്ച്, 2023 സെപ്റ്റംബറിൽ അന്നത്തെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കാസ്, അഫ്ഗാനികൾക്കുള്ള ടി.പി.എസ് ഈ വർഷം മെയ് 20 വരെ 18 മാസം കൂടി നീട്ടുമെന്ന് പ്രഖ്യാപിച്ചു.

എന്നാൽ മാർച്ച് 21ന്, യു.എസ് സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച ശേഷം, നിലവിലെ സെക്രട്ടറി ക്രിസ്റ്റി നോയിം അഫ്ഗാനിസ്ഥാൻ അവരുടെ പൗരന്മാർക്ക് അമേരിക്ക നൽകിവരുന്ന ടി.പി.എസ് പദവിക്കുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നില്ലെന്നും അതിനാൽ അഫ്ഗാനികൾക്കുള്ള ടി.പി.എസ് പദവി നിർത്തലാക്കാമെന്നും തീരുമാനിച്ചു.

ഏകദേശം നാല് വർഷം മുമ്പ് താലിബാൻ നിയന്ത്രണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് നോയിമിന്റെ തീരുമാനമെന്നും ട്രീഷ്യ മക്‌ലാഫ്‌ലിൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ ഏഴിന് കാമറൂണിന്റെ ടി.പി.എസ് പദവി നിർത്തലാക്കുന്ന തീരുമാനം എടുത്തതായും മക്‌ലാഫ്‌ലിൻ പറഞ്ഞു. കഴിഞ്ഞ മാസം, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള അര ദശലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്ക്കാലിക നിയമപരമായ പദവി റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു.

 

Content Highlight: Trump officials end ‘temporary protected status’ for Afghans, Cameroonians