ഏറെക്കാലത്തിന് ശേഷം വിഷു റിലീസുകളില്‍ വമ്പന്‍ ക്ലാഷിനാണ് കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. നാല് വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്ത സീസണാണ് ഇത്. മോഹന്‍ലാല്‍ നായകനായ എമ്പുരാന്റെ വന്‍ വിജയം മറ്റ് സിനിമകള്‍ക്ക് സഹായമാകുമെന്നാണ് കണക്കുകൂട്ടല്‍. താരപരിവേഷങ്ങളോ വമ്പന്‍ ബജറ്റോ അല്ല സിനിമയുടെ വിജയം നിര്‍ണയിക്കുന്നതെന്ന് തെളിയിക്കുകയാണ് ഈ വര്‍ഷത്തെ വിഷു റിലീസ്.
വന്‍ ബജറ്റില്‍ മമ്മൂട്ടി നായകനായെത്തിയ ബസൂക്കയാണ് ഇത്തവണത്തെ വിഷു റിലീസിലെ പ്രധാന ആകര്‍ഷണം. ഫെബ്രുവരി റിലീസായി ഉദ്ദേശിച്ച ചിത്രം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. നവാഗതനായ ഡീനോ ഡെന്നീസാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യദിനം മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആറ് കോടിയോളമാണ് ചിത്രം വേള്‍ഡ്‌വൈഡായി സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് 3.2 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
വിഷു റിലീസായെത്തിയ മറ്റ് ചിത്രങ്ങളെക്കാള്‍ മികച്ച കളക്ഷനാണ് ബസൂക്കയുടേത്. ആലപ്പുഴ ജിംഖാന 2.6 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി 75 ലക്ഷം സ്വന്തമാക്കിയപ്പോള്‍ 1.01 കോടി കളക്ഷനാണ് ബേസില്‍ നായകനായ മരണമാസിന് ലഭിച്ചത്. രണ്ടാം ദിനത്തിലും ബസൂക്കക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു.
എന്നാല്‍ മൂന്നാം ദിനത്തിലെ പ്രീ സെയിലില്‍ ആലപ്പുഴ ജിംഖാനയാണ് മുന്നിട്ടു നില്‍ക്കുന്നത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മികച്ച മുന്നേറ്റമാണ് ജിംഖാന നേടിയത്. 750 ഷോകളിലൂടെ 1.01 കോടിയാണ് ആലപ്പുഴ ജിംഖാന പ്രീ സെയിലില്‍ സ്വന്തമാക്കിയത്. ബസൂക്കയാകട്ടെ 790 ഷോയില്‍ നിന്ന് വെറും 74 ലക്ഷമാണ് നേടിയിരിക്കുന്നത്.
ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം സ്വന്തമാക്കിയ എമ്പുരാനും കളക്ഷനില്‍ പിന്നോട്ട് പോയിരിക്കുകയാണ്. വിഷു റിലീസുകള്‍ക്ക് ശേഷം സ്‌ക്രീന്‍ കുറഞ്ഞ എമ്പുരാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടിയില്‍ താഴെയാണ് കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 83 കോടിയിലധികം സ്വന്തമാക്കിക്കഴിഞ്ഞു.
ആലപ്പുഴയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെയും അവരുടെ ബോക്‌സിങ്ങിന്റെയും കഥ പറയുന്ന സിനിമയാണ് ആലപ്പുഴ ജിംഖാന. കണ്ടു ശീലിച്ച സ്‌പോര്‍ട്‌സ് സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റ് പൊളിച്ചെഴുതിയിരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍ ആലപ്പുഴ ജിംഖാനയിലൂടെ. നസ്‌ലെനാണ് ചിത്രത്തിലെ നായകന്‍. ഗണപതി, ലുക്മാന്‍ അവറാന്‍, അനഘ രവി, ബേബി ജീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ഗെയിം ത്രില്ലര്‍ ഴോണറിലാണ് ബസൂക്ക ഒരുങ്ങിയത്. മികച്ച കഥയെ ശരാശരി തിരക്കഥ കൊണ്ടും തരക്കേടില്ലാത്ത മേക്കിങ് കൊണ്ടും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമാനുഭവം മാത്രമായി ബസൂക്ക മാറി. മമ്മൂട്ടിയെ ആദ്യാവസാനം സ്‌റ്റൈലിഷായി ചിത്രത്തില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്.
Content Highlight: Alappuzha Gymkhana collected one crore through pre sales in third day