Advertisement
World News
മോദിയുടെ മൂന്നാമൂഴം; ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 06, 07:35 am
Thursday, 6th June 2024, 1:05 pm

വാഷിങ്ടണ്‍: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന വേളയിലാണ് സള്ളിവന്റെ സന്ദര്‍ശനം.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ വിളിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചിരുന്നു. സംഭാഷണത്തില്‍ പ്രധാനമന്ത്രി മോദിയും യു.എസ് പ്രസിഡണ്ട് ജോ ബൈഡനും സള്ളിവന്റെ സന്ദര്‍ശനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഇന്ത്യ- യു,എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സള്ളിവന്റെ ഇന്ത്യ സന്ദര്‍ശനം. സാങ്കേതിക കാര്യങ്ങളിലുള്‍പ്പെടെ ബന്ധം ശക്തി പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് ജോ ബൈഡന്‍ മോദിയെ അറിയിച്ചിട്ടുണ്ട്.

ജെയ്ക് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മോദി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ആഴവും സമഗ്രവുമാക്കാന്‍ നിരവധി പദ്ധതികള്‍ ചര്‍ച്ച ചെയ്യുമെന്നും ഇരു നേതാക്കളും അറിയിച്ചിട്ടുണ്ട്.

ജോ ബൈഡനുമായുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം, ബൈഡന്റെ വാക്കുകള്‍ക്ക് മോദി നന്ദി പറഞ്ഞു.

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ ആദരവും ആഴത്തില്‍ വിലമതിക്കുന്നു. വരും വര്‍ഷങ്ങളില്‍ ആഗോള കാര്യങ്ങളിലുള്ള യു.എസ് പങ്കാളിത്തം മനുഷ്യരാശിയുടെ പ്രയോജനത്തിനുതകുന്നതായിരിക്കും ,’ മോദി പറഞ്ഞു. വരാനിരിക്കുന്ന ഓരോ സന്ദര്‍ശനവും യു.എസ് ഇന്ത്യ ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Content Highlight: US NSA Jake Sullivan to visit India