യെമനിലെ യു.എസ് ആക്രമണം ഇസ്രഈലിന് കൂടുതൽ പ്രോത്സാഹനമാകും: ക്യൂബ
World News
യെമനിലെ യു.എസ് ആക്രമണം ഇസ്രഈലിന് കൂടുതൽ പ്രോത്സാഹനമാകും: ക്യൂബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th January 2024, 1:11 pm

ഹവാന: യു.എസും കൂട്ടാളികളും യെമനിൽ നടത്തുന്ന ആക്രമണങ്ങൾ ഗസയിലെ വംശഹത്യയിൽ ഇസ്രഈലിന് കൂടുതൽ പ്രോത്സാഹനമാകുമെന്ന് ക്യൂബ.

വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണെന്നും ഇസ്രഈലിന് ഇത് കൂടുതൽ പ്രോത്സാഹനമാകുമെന്നും ക്യൂബയുടെ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് എക്‌സിൽ കുറിച്ചു.

ഡിസംബർ 12ന് യെമനിലെ അഞ്ചിടങ്ങളിലായി ബ്രിട്ടനും യു.എസും 73 മിസൈലാക്രണം നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിന് പിന്തുണ അറിയിക്കുന്നതായും റോഡ്രിഗസ് അറിയിച്ചു.

ഗസയിലെ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 23,800ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 10,000ലധികം കുട്ടികളും ഉൾപ്പെടുന്നു.

ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിലൂടെ ഇസ്രഈലിലേക്ക് പോകുന്ന മുഴുവൻ കപ്പലുകളെയും ആക്രമിക്കുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോള തലത്തിൽ മറ്റൊരു പ്രതിസന്ധി ഉടലെടുത്തത്.

ആഗോള എണ്ണ വ്യാപാരത്തിൽ വളരെ നിർണായകമാണ് ചെങ്കടലിലെ ജലപാത. ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

ഹൂത്തികളെ പ്രതിരോധിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചെങ്കിലും വിജയം കാണാൻ സാധിച്ചിരുന്നില്ല.

Content Highlight: US missile strikes on Yemen encouraging genocide in Gaza: Cuba