കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പല്ലവിയാണ് മോഹന്‍ലാല്‍ പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കുന്നില്ല എന്ന്. പഴയകാല സുഹൃത്തുക്കള്‍ക്ക് ഡേറ്റ് നല്‍കിയും ഔട്ട് ഡേറ്റഡായിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ ഏറ്റെടുക്കുന്നതുമാണ് മോഹന്‍ലിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്.
ആറാട്ട്, മോണ്‍സ്റ്റര്‍ പോലുള്ള ചിത്രങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകള്‍ പറഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. സിനിമയുടെ രീതികള്‍ മാറിയതറിയാതെ മോഹന്‍ലാല്‍ അപ്‌ഡേറ്റാകുന്നില്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന വാദം. എന്നാല്‍ ഇതില്‍ നിന്നെല്ലാം മോഹന്‍ലാല്‍ മാറുന്നെന്ന സൂച നല്‍കുകയാണ് തുടരും എന്ന സിനിമ.
ചിത്രത്തിന്റെ ആദ്യപകുതിയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഉപയോഗിക്കുന്ന സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഒടിയനിലെ ‘ലേശം കഞ്ഞിയെടുക്കട്ടെ’, മലൈക്കോട്ടൈ വാലിബനിലെ ‘കാണപ്പോകത് നിജം’, മരക്കാറിലെ ‘വെട്ടിയിട്ട വാഴത്തണ്ട്’ എന്നീ ഡയലോഗുകള്‍ സെല്‍ഫ് ട്രോളിന്റെ രൂപത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്റെ സമയത്ത് ‘ഇതൊക്കെ ഓരോ മേക്ക് ബിലീഫല്ലേ’ എന്ന ഡയലോഗും സിനിമയില്‍ രസകരമായി തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ ഡയലോഗിനെല്ലാം തിയേറ്ററില്‍ ഗംഭീര കൈയടികളായിരുന്നു. മോഹന്‍ലാലില്‍ നിന്ന് ഇത്തരം ഡയലോഗുകള്‍ തീരെ പ്രതീക്ഷിക്കാത്ത പ്രേക്ഷകര്‍ക്ക് ഇതെല്ലാം വലിയ സര്‍പ്രൈസായിരുന്നു.
ഒടിയന് ശേഷം താടിയെടുക്കാതെ എല്ലാ സിനിമയിലും അഭിനയിക്കുന്നതിന്റെ പേരിലും മോഹന്‍ലാല്‍ വിമര്‍ശനം നേരിട്ടിരുന്നു. തുടരും സിനിമയുടെ ട്രെയ്‌ലറില്‍ തന്നെ അതിനുള്ള മറുപടി മോഹന്‍ലാല്‍ നല്‍കിയത് വലിയ ചര്‍ച്ചയായി മാറി. ‘ഈ താടിയിവിടെ ഇരുന്നാല്‍ ആര്‍ക്കാണ് പ്രശ്‌നം’ എന്ന ഡയലോഗെല്ലാം മോഹന്‍ലാല്‍ യാതൊരു മടിയും കൂടാതെ പറഞ്ഞത് അയാളിലെ നടന്‍ അപ്‌ഡേറ്റാകുന്നതിന്റെ സൂചനകളാണ്.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുന്നയാളാണ് മോഹന്‍ലാലെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പ്രൊമോഷനിടെ പറഞ്ഞിരുന്നു. തന്നെക്കുറിച്ച് ആരെല്ലാം എന്തൊക്കെ പറയുന്നു എന്നത് കൃത്യമായി ശ്രദ്ധിച്ച് അതിനെയെല്ലാം മറികടക്കാന്‍ മോഹന്‍ലാല്‍ ശ്രമിക്കുന്നത് നല്ല സൂചനയാണ്. വിമര്‍ശിക്കാന്‍ ചെറിയൊരു പഴുത് നല്‍കാതെ മലയാളസിനിമയില്‍ മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.
Content Highlight: Mohanlal’s self troll dialogues in Thudarum movie