'അമേരിക്കയും കുറ്റക്കാര്‍'; കര്‍ഷക സമരത്തിന് പിന്തുണയുമായി യു.എസ് കാര്‍ഷിക സംഘടനകള്‍
farmers protest
'അമേരിക്കയും കുറ്റക്കാര്‍'; കര്‍ഷക സമരത്തിന് പിന്തുണയുമായി യു.എസ് കാര്‍ഷിക സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 2:18 pm

വാഷിംഗ്ടണ്‍: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് അമേരിക്കയില്‍ നിന്നും കൂടുതല്‍ പേരെത്തുന്നു. നേരത്തെ യു.എസ് അഭിഭാഷകര്‍ സമരത്തിന് പിന്തുണയുമായി എത്തിയതിന് പിന്നാലെയാണ് അമേരിക്കയിലെ 87ലധികം കാര്‍ഷിക സംഘടനകളും രാജ്യത്ത് നടക്കുന്ന കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്.

അമേരിക്കന്‍ പ്രസിഡന്റ് റീഗന്റെ കാലത്ത് കാര്‍ഷിക മേഖലയില്‍ കൊണ്ടു വന്ന പരിഷ്‌കരണങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്ത കോട്ടങ്ങളാണ് അമേരിക്കന്‍ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടാക്കിയതെന്ന് യു.എസിലെ കര്‍ഷക യൂണിയനുകള്‍ പറഞ്ഞു.

നിയോലിബറലിസം എങ്ങിനെയാണ് കാര്‍ഷിക മേഖലയെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ ഒരു കുറിപ്പും ഇവര്‍ എഴുതിയിട്ടുണ്ട്.

ലോക ചരിത്രത്തിലെ തന്നെ ആവേശകരമായ പ്രതിഷേധമാണ് ഇന്ത്യയില്‍ നടക്കുന്നത് എന്നാണ് യൂണിയന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്.

” കര്‍ഷകരുടെ അറിവോ സമ്മതമോ ഇല്ലാതെ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് ഇന്ത്യയില്‍ പ്രതിഷേധം നടക്കുന്നത്. സമാധാനപരമായി നിശ്ചയദാര്‍ഢ്യത്തോടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു,”  അമേരിക്കന്‍ കര്‍ഷക സംഘടനകള്‍ എഴുതി.

താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കാന്‍ ആഗോള തലത്തില്‍ തന്നെ ശ്രമങ്ങളുണ്ടെന്നും സംഘടനകള്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്നും യു.എസ് കര്‍ഷക സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യയുടെ താങ്ങുവില സമ്പ്രദായത്തിനെതിരെ ലോക വ്യാപാര സംഘടനയില്‍ എതിര്‍പ്പുന്നയിക്കുന്നതില്‍ യു.എസുമുണ്ട്. യൂറോപ്യന്‍ സഖ്യകക്ഷികളെല്ലാം ഇന്ത്യയുടെ താങ്ങുവില സമ്പ്രദായം കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പറയുന്നവരാണ്,” അമേരിക്കന്‍ കാര്‍ഷിക സംഘടനയുടെ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: US farmers support Indian Farmers Protest