അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണപ്രതിസന്ധിയും രൂക്ഷം; മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറാതെ ട്രംപ്
World News
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണപ്രതിസന്ധിയും രൂക്ഷം; മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറാതെ ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 1:07 pm

വാഷിങ്ടണ്‍: യു.എസിലെ ഭരണപ്രതിസന്ധി അയവില്ലാതെ തുടരുന്നു. മെക്‌സിക്കന്‍ മതിലിന് പണം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്മാറാതായതോടെയാണ് കടുത്ത പ്രതിസന്ധി അമേരിക്കയെ ബാധിച്ചത്. എന്നാല്‍ മതിലിനെ ഡെമോക്രാറ്റുകള്‍ ഇപ്പോഴും ശക്തമായി എതിര്‍ക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക ഭരണസിരാകേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.

നിലവില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി അടുത്തയാഴ്ചയും തുടരുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 2019ലും മതില്‍ നിര്‍മാണത്തിനായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നീക്കം തുടരാനാണ് ട്രംപിന്റെ നീക്കം. ഇത് സാമ്പത്തികാവസ്ഥ കൂടുതല്‍ താറുമാറാക്കുമെന്ന് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ALSO READ: ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ക്കഥയാകുന്ന വംശീയാക്രമണം; ലോകത്തിലെ ഏറ്റവും മോശം ആരാധകരാണ് ഇറ്റലിയിലേതെന്ന് കളിക്കാര്‍

ഇരുവിഭാഗങ്ങളും പ്രതിഷേധം ശക്തമായതോടെ മിനിട്ടുകള്‍ക്കകം ഇരുസഭയും പിരിഞ്ഞു. രാജ്യത്തെ ഓഹരിവിപണിയും തകര്‍ച്ചയിലാണ്. അവധിയില്‍ പോയ പല ഉദ്യോഗസ്ഥരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.

ആഭ്യന്തരം, കാര്‍ഷികം, നീതിന്യായം, സുരക്ഷ, വിദേശകാര്യം, തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനാണ് തടസം നേരിട്ടത്. പലവകുപ്പുകളിലേയും ജീവനക്കാര്‍ക്ക് ക്രിസ്മസ് ശമ്പളം ഇതുവരെ ലഭ്യമായിട്ടില്ല. പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കാണ് ഡിസംബര്‍ മാസത്തിലെ ശമ്പളവും പ്രത്യേക അലവന്‍സും ലഭിക്കാത്തത്.

യു.എസിലേക്കുള്ള മനുഷ്യക്കടത്തും ലഹരി കടത്തും തടയാനാണ് മതിലെന്ന വാദമാണ് ട്രംപും അനുകൂലികളും ഉന്നയിക്കുന്നത്.