ബിജെപിയെ എന്‍എസ്എ നിരീക്ഷിച്ചിരുന്നുവെന്ന് എഡ്വേഡ് സ്‌നോഡന്‍
Daily News
ബിജെപിയെ എന്‍എസ്എ നിരീക്ഷിച്ചിരുന്നുവെന്ന് എഡ്വേഡ് സ്‌നോഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd July 2014, 8:51 am

[] വാഷിങ്ടണ്‍: ബിജെപിയടക്കം അഞ്ച് രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ)യ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി അമേരിക്കന്‍ ഭരണകൂടരഹസ്യങ്ങള്‍ പുറത്തുവിട്ട് ചരിത്രംസൃഷ്ടിച്ച എഡ്വേഡ് സ്‌നോഡന്‍. 2010ലാണ് എന്‍എസ്എയ്ക്ക് ഇത്തരമൊരു അനുമതി യു.എസ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകള്‍ പറയുന്നു.

ഈജിപ്തിലെ മുസ്‌ളിം ബ്രദര്‍ഹുഡ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ അമേരിക്കയുടെ  നിരന്തര നിരീക്ഷണത്തിന് വിധേയമായിരുന്നുവെന്ന്  സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കാനഡ, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ ഒഴികെയുള്ളവയെല്ലാം അമേരിക്കന്‍ ചാരവലയത്തിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 193 വിദേശ ഭരണകൂടങ്ങളും പ്രവര്‍ത്തനങ്ങളും മറ്റു സ്ഥാപനങ്ങളും 2010ല്‍ എന്‍എസ്എയുടെ നിരീക്ഷണത്തില്‍ വന്നിരുന്നുവെന്നും മുന്‍ എന്‍എസ്എ കരാറുകാന്‍ എഡ്‌വേര്‍ഡ് സ്‌നോഡന്റെ രേഖകള്‍ വളിവാക്കുന്നു.

അമേരിക്കയിലെ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആക്ട് (ഫിസ) കോടതിയാണ്, സമ്പൂര്‍ണ നിരീക്ഷണത്തിനുള്ള അനുമതി നല്‍കിയിരുന്നത്. ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപുറമെ, ഇന്ത്യയടക്കം 193 വിദേശ സര്‍ക്കാറുകളെ നിരീക്ഷിക്കാനും ഫിസ കോടതി അനുമതി നല്‍കിയിരുന്നതായും സ്‌നോഡന്റെ വെളിപ്പെടുത്തലിലുണ്ട്.

യു.എസിലെ ഫിസ ഭേദഗതി നിയമത്തിലെ 702 വകുപ്പുപ്രകാരം വിദേശ സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ എന്‍എസ്എയ്ക്ക് ഓരോ വര്‍ഷവും കോടതിയുടെ പുതിയ അനുമതികള്‍ വേണം. എന്‍എസ്എ നടത്തിയ രഹസ്യനീക്കങ്ങളുടെ ആയിരക്കണക്കിന് രേഖകള്‍ സ്‌നോഡന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.