വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൂചിപ്പിച്ച് കെ. സുരേന്ദ്രന്‍
Kerala News
വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൂചിപ്പിച്ച് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 1:17 pm

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളെ മറക്കാനാണ് തനിക്കെതിരെ നോട്ടീസയച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരെയുള്ള കേസുകള്‍ ശ്രദ്ധിക്കുന്നതേയില്ലെന്നും പാര്‍ട്ടി കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സാക്ഷിമൊഴി എടുക്കാനുള്ള നോട്ടീസ് മാത്രമാണ്. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘കേസ് വരും പോകും, പൊതുജീവിതത്തില്‍ എപ്പോഴും പ്രതീക്ഷിക്കുന്നതാണ്. വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. പാര്‍ട്ടി കേസിനെ ഒറ്റക്കെട്ടായി നേരിടും,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസിനെ ഉപയോഗിച്ച് ആസൂത്രിതമായ നീക്കമാണ് സി.പി.ഐ.എം. നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മോദിയുടെ പണമെടുത്ത് ഇവിടെ കൊടുക്കുമ്പോള്‍ പിണറായിയുടെ കാശാണെന്നും അദ്ദേഹം പറഞ്ഞു

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.

കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.

കൊടകര കുഴല്‍പ്പണ കേസ് പ്രതി ധര്‍മരാജന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരവധി ബി.ജെ.പി. നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുഴല്‍പ്പണം നഷ്ടപ്പെട്ട ഉടനെ ധര്‍മരാജന്‍ വിളിച്ചത് ഏഴ് ബി.ജെ.പി. നേതാക്കളെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HOHGLIGHTS: K Surendran said he would not appear for questioning in Kodakara case