ലക്‌നൗ: ലൈംഗികാതിക്രമണക്കേസില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്ക് ക്ലീന്‍ചീറ്റ് നല്‍കി പൊലീസ്. എം.എല്‍.എക്ക് എതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം കേസില്‍ അദ്ദേഹത്തിന്റെ അനന്തരവനെ അറസ്റ്റ് ചെയ്തു.
എം.എല്‍.എ അടക്കം ആറ് പേര്‍ക്കെതിരെയായിരുന്നു എഫ്.ഐ.ആര്‍ രജസിറ്റര്‍ ചെയ്തത്. എം.എല്‍.എക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ അഞ്ച് പേര്‍ക്കെതിരെ ജില്ലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2017 ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ യുവതി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
2016 ല്‍ ത്രിപാഠിയുടെ ബന്ധുവായ സന്ദീപ് തിവാരിയാണ് യുവതിയെ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ത്രിപാഠി തന്നെ വിവാഹം കഴിക്കുമെന്ന ഉറപ്പിന്മേല്‍ യുവതി അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
എന്നാല്‍ 2017 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ യുവതിയെ ഒരു മാസക്കാലത്തോളം ഒരു ഹോട്ടലില്‍ വെച്ച് ഒന്നില്‍കൂടുതല്‍ തവണ ആറ് പ്രതികളും പീഢനത്തിനിരയാക്കുകയായിരുന്നു. ചന്ദ്രഭൂഷണ്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി, എന്നിവരാണ് മറ്റ് പ്രതികള്‍.
യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ യുവതിയെ നിര്‍ബന്ധിച്ച ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഫെബ്രുവരി 10 നാണ് യുവതി പരാതി നല്‍കിയത്.