ലഖ്നോ: കൊവിഡ് നേരിടുന്നതില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഭരണകൂടം പൂര്‍ണ പരാജയമെന്ന് ബി.ജെ.പി. സംസ്ഥാന വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായ രാം ഇഖ്ബാല്‍ സിംഗ്. കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാഠങ്ങളൊന്നും പഠിക്കാത്തതിനാലാണ് രണ്ടാം തരംഗത്തില്‍ ഇത്രയേറെ മരണങ്ങള്‍ സംഭവിക്കാനിടയായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താഴെ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശരിയായ കാര്യം മുഖ്യമന്ത്രിയെ അറിയിക്കാത്തതുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാവുന്നത്. പല ജില്ലകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരുണ്ടെങ്കില്‍ മരുന്നിന് ക്ഷാമമാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണം,’ ബി.ജെ.പി. നേതാവ് രാം ഇഖ്ബാല്‍ സിംഗ് പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ പ്രയാസത്തിലായ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാരിനെതിരെ നേരത്തേയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത നിരക്ഷരരായ ഗ്രാമീണര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമാക്കണമെന്നും കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചായിരുന്നു തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജില്ലയില്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍മാരുടെ രാജി.