ശ്രീനഗർ: ഹൈവേകൾ മോശം അവസ്ഥയിലാണെങ്കിൽ ടോൾ പിരിക്കുന്നത് അന്യായമെന്ന് നിരീക്ഷിച്ച് ജമ്മു കശ്മീർ ഹൈക്കോടതി. ദേശീയപാത 44 ന്റെ നിർമാണം പൂർത്തിയാകുന്നത് വരെ ഈ ദേശീയ പാതയിലെ രണ്ട് ടോൾ പ്ലാസകളിൽ ടോൾ ഫീസിൽ 80% കുറവ് വരുത്താൻ ഉത്തരവിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ദേശീയപാതയുടെ അവസ്ഥ വളരെ മോശമാണെന്നും അതിനാൽ ടോൾ പിരിവ് അന്യായമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് താഷി റബ്സ്താൻ, ജസ്റ്റിസ് എം.എ. ചൗധരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ദൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ്‌വേ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതുവരെ നാഷണൽ ഹൈവേ-44 ലെ ലഖൻപൂർ, താണ്ടി ഖുയി, ബാൻ ടോൾ പ്ലാസകളിലെ ടോൾ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഒരു പൊതുതാത്പ്പര്യ ഹരജി പരിശോധിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
‘ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ടോൾ പിരിക്കുന്നത്. ഈ ഹൈവേ തകർന്ന അവസ്ഥയിലാണെങ്കിൽ വാഹനമോടിക്കാൻ അസ്വസ്ഥതയുണ്ടെങ്കിൽ യാത്രക്കാർ ടോൾ അടയ്ക്കുന്നത് അന്യായമാണ്. തീർച്ചയായും, യാത്രക്കാർക്കും ഡ്രൈവർമാർക്കും അവർ പണം നൽകി ഉപയോഗിക്കുന്ന ഹൈവേയുടെ മോശം അവസ്ഥയിൽ നിരാശ തോന്നും. സുഗമവും സുരക്ഷിതവും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഹൈവേകൾക്ക് പകരമായി ടോൾ പിരിക്കാം അല്ലാത്തപക്ഷം അത് അന്യായമാണ്,’ കോടതി പറഞ്ഞു.
പൊളിഞ്ഞതും നിർമാണം പൂർത്തിയാകാത്തതുമായ റോഡുകൾക്ക് വൻ തുക ടോൾ നൽകാൻ നിർബന്ധിതരാകുന്നതിൽ പൊതുജനങ്ങൾ രോഷാകുലരാണെന്ന് കോടതി പറഞ്ഞു.
റോഡുകൾ നല്ല നിലയിലല്ലെങ്കിൽ, അല്ലെങ്കിൽ നിലവാരം പുലർത്തുന്നില്ലെങ്കിൽ, ജനങ്ങൾ തുടർന്നും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഹൈവേ ഏജൻസികൾ ടോൾ ഈടാക്കുന്നതിന് ന്യായീകരണമില്ലെന്ന് ഉപഗ്രഹ അധിഷ്ഠിത ടോളിങ്ങിനെക്കുറിച്ചുള്ള ആഗോള വർക്ക്‌ഷോപ്പിൽ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായും കോടതി കൂട്ടിച്ചേർത്തു.
ദൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതുവരെ സർക്കാർ ടോൾ പിരിവ് നിർത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.
അടുത്തുള്ള രണ്ട് ടോൾ പ്ലാസകൾക്കിടയിലുള്ള ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ദേശീയപാത ഫീസ് നിയമങ്ങളും ലംഘിക്കപ്പെടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സരോർ ടോൾ പ്ലാസയ്ക്കും ബാൻ ടോൾ പ്ലാസയ്ക്കും ഇടയിലുള്ള ദൂരം 47 കിലോമീറ്റർ മാത്രമാണെന്നും ഇത് ഗുരുതരമായ നിയമലംഘനത്തിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ദശലക്ഷക്കണക്കിന് ഭക്തർ മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും, ഈ തീർത്ഥാടകരിൽ നിന്ന് പണം സമ്പാദിക്കുന്നതിനായി, രണ്ട് പ്ലാസകൾക്കിടയിലുള്ള 60 കിലോമീറ്റർ നിയമം പാലിക്കാതെ, പ്രതികൾ മനഃപൂർവ്വം ഡോമലിനു മുന്നിൽ ബാൻ ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. തൽഫലമായി യാത്രക്കാർ ഒന്നിലധികം പ്ലാസകളിൽ ടോൾ അടയ്ക്കാൻ നിർബന്ധിതരാകുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ( ഗുണ്ടകളെ ) ടോൾ ഓപ്പറേറ്റർമാർ ജോലിക്കെടുക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു . ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും ടോൾ പ്ലാസകളിൽ ജോലിക്കെടുക്കരുതെന്ന് കോടതി കരാറുകാരോട് നിർദേശിച്ചു. ബന്ധപ്പെട്ട പൊലീസ് ഏജൻസിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ടോൾ പ്ലാസകളിൽ ആളുകളെ നിയമിക്കാവു എന്നും കോടതി പറഞ്ഞു.
Content Highlight: Unfair To Collect Toll If Highway Is In Bad Shape: J&K High Court Orders Reduction In Toll Fees