'അഫ്ഗാനില്‍ കുഞ്ഞുങ്ങള്‍ മരിക്കാന്‍ പോകുകയാണ്'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസംഘടന
World News
'അഫ്ഗാനില്‍ കുഞ്ഞുങ്ങള്‍ മരിക്കാന്‍ പോകുകയാണ്'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th October 2021, 6:04 pm

ജനീവ: അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്.

തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകളെല്ലാം മനുഷ്യത്വപരമായ ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി റോയിട്ടേഴ്‌സിനോട് പറഞ്ഞു. വികസനകാര്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് അഫ്ഗാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അഫ്ഗാനിലെ 3.9 കോടിയോളം വരുന്ന ജനസംഖ്യയില്‍ 22.8 മില്യണ്‍ ജനങ്ങളും (പകുതിയിലധികം) കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്നും പട്ടിണിയിലേയ്ക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിടുന്നവരുടെ എണ്ണം രണ്ട് മാസം മുന്‍പ് 14 മില്യണ്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 22.8 മില്യണ്‍ എന്ന കണക്കിലേക്കെത്തിയത്.

”കുട്ടികള്‍ മരിക്കാന്‍ പോകുകയാണ്. ജനങ്ങള്‍ പട്ടിണിയിലാവും. കാര്യങ്ങള്‍ മോശമാകുകയാണ്,” ഡേവിഡ് ബീസ്‌ലി പറഞ്ഞു. ഫണ്ടിന്റെ അഭാവവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് അഫ്ഗാന്‍ നേരിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നമ്മള്‍ പ്രവചിച്ച കാര്യങ്ങള്‍ കണക്കുകൂട്ടിയതിലും വേഗത്തില്‍ സത്യമാവുകയാണ്. കണക്കുകൂട്ടിയതിലും വേഗത്തിലായിരുന്നു താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയത്. ഇപ്പോള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥ അതിനേക്കാള്‍ വേഗത്തിലാണ് തകരുന്നതെന്നും ബീസ്‌ലി കൂട്ടിച്ചേര്‍ത്തു.

പതിവില്‍ നിന്ന് വിപരീതമായി ഗ്രാമപ്രദേശങ്ങളിലേതിന് പുറമെ നഗരപ്രദേശങ്ങളിലെ ജനങ്ങളും പ്രതിസന്ധിയിലാണ്. ഡിസംബര്‍ വരെ അഫ്ഗാനെ സഹായിക്കാന്‍ വേണ്ട നടപടികള്‍ ഇപ്പോള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നേരിട്ട് സ്വീകരിക്കുകയാണ്.

അഫ്ഗാനില്‍ ഭക്ഷ്യക്ഷാമം നേരിടുന്ന 23 മില്യണോളം വരുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മാസം 220 മില്യണ്‍ ഡോളറാണ് യു.എന്നിന്റെ ഭക്ഷ്യ ഏജന്‍സിക്ക് ആവശ്യമായുള്ളത്.

താലിബാന്‍ ഭരണത്തിന് കീഴില്‍ മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തന്നെ, താലിബാനുമായി സംവദിച്ച് രാജ്യത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കണമെന്നാണ് രാജ്യങ്ങളോട് സംഘടന ആവശ്യപ്പെടുന്നത്.

അല്ലാത്തപക്ഷം, 2015ല്‍ യൂറോപ്പിനെ പിടിച്ച് കുലുക്കിയ സിറിയന്‍ പലായനം പോലെ അഫ്ഗാനില്‍ നിന്നും ആളുകള്‍ കൂട്ടപ്പലായനം ചെയ്യുന്നതിലേക്ക് ഇത് നയിക്കാമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകളും നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ കൊണ്ടായിരുന്നു അഫ്ഗാനിലെ സാമ്പത്തികരംഗം മുന്നോട്ടുപോയിരുന്നത്. ആഗസ്റ്റില്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയും താലിബാന്‍ ഭരണം കയ്യടക്കുകയും ചെയ്തതോടെ രാജ്യത്തേക്ക് വരാനിരുന്ന ലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ടുകള്‍ തടയപ്പെടുകയായിരുന്നു.

താലിബാന്‍ ഭരണം കയ്യടക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. വിദേശത്തുള്ള സമ്പത്തുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം പുതിയ താലിബാന്‍ ഭരണകൂടത്തിനില്ല. താലിബാന്‍ ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് പല രാജ്യങ്ങളും തീരുമാനത്തലെത്തിയിട്ടില്ല എന്നതാണ് കാരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UN warns of severe food crisis in Afghanistan