ഗാസ: ഫലസ്തീനിലെ എല്ലാ അധിനിവേശ പ്രവര്‍ത്തനങ്ങളും ഉടന്‍ അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വാസസ്ഥലങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഇസ്രഈലിന്റെ പദ്ധതികളെയും യു.എന്‍ വിമര്‍ശിച്ചു. ഇസ്രഈല്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും നയിക്കുകയും ശാശ്വത സമാധാനത്തിന് മുഖ്യ തടസമാകുന്നുണ്ടെന്നും യു.എന്‍. മേധാവി കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ സേന നടത്തിയ റെയ്ഡിന് പിന്നാലെ വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. രൂക്ഷമായ ഏറ്റുമുട്ടലില്‍ 15 വയസുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 90 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രഈല്‍ ഏതാണ്ട് 20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അധിനിവേശ ഫലസ്തീനിലേക്ക് കടന്നുകയറി വലിയതോതിലുള്ള ആക്രമണം നടത്തുന്നത്. രണ്ട് കുറ്റവാളികളെ തെരഞ്ഞാണ് ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയതെന്നാണ് ഇസ്രഈല്‍ സൈന്യം പ്രതികരിച്ചത്. ആദ്യം ക്യാമ്പിലെ ചിലര്‍ വെടിയുതിര്‍ത്തതോടെയാണ് റോക്കറ്റ് ആക്രമണം ഉള്‍പ്പെടെ നടത്തിയതെന്നാണ് അവര്‍ ഇന്നലെ അറിയിച്ചത്.
അതേസമയം, ഫലസ്തീനിലെ ഹമാസ് വിഭാഗവും ചെറു ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് മണിക്കൂറുകളോളം തിരിച്ചടിച്ചു. ഏകദേശം 10 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ എട്ട് ഇസ്രഈല്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയാണ് ഇസ്രഈല്‍ ചെയ്യുന്നതെന്ന് അന്റോണിയോ ഗുട്ടെറസ് വിമര്‍ശിച്ചു. ‘ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നത് മേഖലയില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും കൂടുന്നതിന് ഒരു പ്രധാന കാരണമാണ്. ഇത് മനുഷ്യജീവിതം ദുസഹമാക്കുന്നു.
ഫലസ്തീന്‍ ഭൂമിയിലും പ്രകൃതി വിഭവങ്ങളിലും ഇസ്രഈല്‍ കടന്നുകയറുകയാണ്. ഫലസ്തീന്‍ ജനതയുടെ സ്വതന്ത്രമായ സഞ്ചാരത്തെയും അവര്‍ തടസപ്പെടുത്തുന്നു. സ്വയം നിര്‍ണയത്തിനും പരമാധികാരത്തിനുമുള്ള ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങളെ ഇസ്രഈല്‍ തുരങ്കം വെക്കുകയാണ്,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.