national news
"പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ വന്‍ പരാജയമെന്നതിനു തെളിവാണ് യു.എന്‍. റിപ്പോര്‍ട്ട്": ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 10:40 am

മുംബൈ: ജമ്മു കാശ്മീരിലെ അക്രമങ്ങള്‍ക്കു കാരണം കേന്ദ്രത്തിന്റെ അനാസ്ഥയെന്ന് ശിവസേന. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ വലിയ പരാജയം മാത്രമായിരുന്നുവെന്നാണ് പാര്‍ട്ടി പത്രമായ “സാമ്‌ന”യുടെ മുഖപ്രസംഗത്തില്‍ ശിവസേന നേതൃത്വം ആഞ്ഞടിച്ചിരിക്കുന്നത്.

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അടുത്തിടെ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വം ബി.ജെ.പി. സര്‍ക്കാരിനെതിരെ മുന്നോട്ടു വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് നരേന്ദ്ര മോദി നടത്തുന്ന ടൂറുകള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.

റമദാന്‍ മാസം കണക്കിലെടുത്ത് കാശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ഏകപക്ഷീയമായ തീരുമാനത്തെയും, ശ്രീനഗറില്‍ പത്രപ്രവര്‍ത്തകന്‍ ഷുജത് ബുഖാരി കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെയും ശിവസേന മുഖപത്രം നിശിതമായി വിമര്‍ശിച്ചു.

“ഇന്ത്യയില്‍ ആഭ്യന്തരസുരക്ഷ വെറും തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. അയോധ്യയില്‍ ഇതുവരെ രാമക്ഷേത്രം നിര്‍മ്മിച്ചിട്ടില്ല. ശ്രീരാമന്‍ “വനവാസ”ത്തിലാണ്. രാജ്യത്തിന്റെ സുരക്ഷയാകട്ടെ രാമന്റെ കൈയിലും.” എഡിറ്റോറിയലില്‍ പറയുന്നു. “റമസാന്‍ മാസത്തില്‍ കാശ്മീരിലുണ്ടായ അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ 400ല്‍ അധികം പേരാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്. അതിലധികവും ജവാന്മാരായിരുന്നു. ഇതെല്ലാം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി വിദേശയാത്രകളിലും പ്രതിരോധമന്ത്രി പാര്‍ട്ടി വിഷയങ്ങളിലും പെട്ട് തിരക്കിലാണ്.”


Also Read: മുഖ്യമന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നിലും മോദി; പ്രധാനമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കെജ്‌രിവാള്‍


“പ്രധാനമന്ത്രി നടത്തുന്ന യാത്രകള്‍ രാജ്യത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുമെന്നാണ് പറയപ്പെടുന്നതെങ്കിലും, ഇത് പൊള്ളയായ വാദമാണെന്ന് കാശ്മീരിനെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ടോടു കൂടി തെളിഞ്ഞിട്ടുണ്ട്. ഇത്രയധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടെങ്കിലും, ഈ വിഷയത്തില്‍ ഇന്ത്യയുടെ പക്ഷം പിടിക്കാന്‍ ലോകരാഷ്ട്രങ്ങളൊന്നും തയ്യാറായിട്ടില്ല. ഐക്യരാഷ്ട്ര സഭയ്ക്കു മുന്നില്‍ നമ്മുടെ നയം വ്യക്തമാക്കാനും സാധിച്ചിട്ടില്ല. ഇത് പ്രധാനമന്ത്രിയുടെ യാത്രകളുടെ തോല്‍വിയാണ്.” നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് “സാമ്‌ന” കുറിക്കുന്നു.

ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ കാശ്മീര്‍ വിഷയത്തില്‍ ആദ്യമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, പാക്ക് അധീന കാശ്മീരിലെ അവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പരപ്രേരിതവുമാണെന്നാരോപിച്ച് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

റമദാന്‍ കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച തീരുമാനത്തെയും ശിവസേന രൂക്ഷമായാണ് വിമര്‍ശിച്ചത്.
“പാക് സഹായമുള്ള തീവ്രവാദികള്‍ വെടിനിര്‍ത്തലിന്റെ അവസരം മുതലാക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഉയരുന്ന എല്ലാ ശബ്ദങ്ങളും ഇല്ലായ്മ ചെയ്യപ്പെടുകയാണ്. നമ്മള്‍ പുണ്യമാസത്തെ ബഹുമാനിച്ചപ്പോള്‍, പാക്കിസ്ഥാനികള്‍ ഇഫ്താര്‍ നടത്തിയത് നമ്മുടെ രക്തം കൊണ്ടാണ്.” സേന പറയുന്നു.


Also Read: പൂപ്പാറയില്‍ കാട്ടാന ആക്രമണം; ഏലത്തോട്ടം കാവല്‍ക്കാരനെ അടിച്ചുവീഴ്ത്തിയശേഷം കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടി


ഒരുമാസത്തിനിടെ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 18 ആണെന്ന കണക്കു നിരത്തിക്കൊണ്ട് അതിര്‍ത്തിയിലെ സാഹചര്യം അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. “ധീരജവാന്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജത് ബുഖാരിയും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തീവ്രവാദ നയത്തെക്കുറിച്ച് തുറന്നെഴുതിയയാളായിരുന്നു അദ്ദേഹം.” കുറിപ്പില്‍ പറയുന്നു.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പി നയിക്കുന്ന സര്‍ക്കാരുകളുടെ ഭാഗമാണ് ശിവസേനയെങ്കിലും, ബി.ജെ.പിയെയും മോദിയെയും സര്‍ക്കാരിന്റെ പദ്ധതികളെയും ശിവസേന മുഖപത്രം വിമര്‍ശിക്കാറുണ്ട്.