World News
ഗസയില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനുള്ള ഇസ്രഈലിന്റെ ശ്രമങ്ങള്‍ യുദ്ധക്കുറ്റമെന്ന് യു.എന്‍ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 08, 05:35 pm
Thursday, 8th February 2024, 11:05 pm

വാഷിങ്ടണ്‍: ഗസയില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനുള്ള ഇസ്രഈലി ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ യുദ്ധക്കുറ്റമെന്ന് യു.എന്‍ അവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. നഗരങ്ങളില്‍ വ്യാപകമായി കെട്ടിടങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് ഇസ്രഈല്‍ സര്‍ക്കാര്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് യു.എന്‍ മേധാവി പറഞ്ഞു.

സൈന്യത്തെ മുനനിര്‍ത്തി ഇസ്രഈല്‍ ഭരണകൂടം ഗസയില്‍ നടത്തുന്ന സ്വത്ത് നശിപ്പിക്കല്‍ നിയമവിരുദ്ധമാണെന്നും ഈ സൈനിക നടപടികള്‍ നാലാം ജനീവ കണ്‍വെന്‍ഷന്റെ ഗുരുതരമായ ലംഘനത്തിനും യുദ്ധക്കുറ്റത്തിനും തുല്യമാണെന്നും വോള്‍ക്കര്‍ ടര്‍ക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈലിന്റെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗസയിലെ 2,824 കെട്ടിടങ്ങളില്‍ 40 ശതമാനവും സയണിസ്റ്റ് ഭരണകൂടം തകര്‍ത്തുവെന്ന് ഹീബ്രു സര്‍വകലാശാല പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ഹീബ്രു സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം സൈനിക മേഖലയായി മാറിയ ഗസയിലെ ഭൂമിയുടെ ഭൂരിഭാഗവും കൃഷിഭൂമിയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. രക്ഷാ സമിതി വിഭജിക്കപ്പെടുന്നത് ഇതാദ്യമായല്ലെന്നും എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് ഇത് മോശമാണെന്നും യു.എന്നിന്റെ നിസ്സഹായാവസ്ഥ അപകടകരമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,708 ആയി വര്‍ധിച്ചുവെന്നും 67,174 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 130 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: UN chief calls Israel’s efforts to create buffer zones in Gaza a war crime