ബ്രസീലിയന്‍ കാര്‍ണേജ്, ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്; ബയേണിനെതിരെ പ്രതികാരം റോയലാക്കി ബാഴ്‌സ
Sports News
ബ്രസീലിയന്‍ കാര്‍ണേജ്, ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്; ബയേണിനെതിരെ പ്രതികാരം റോയലാക്കി ബാഴ്‌സ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th October 2024, 8:06 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നാണംകെടുത്തി ബാഴ്‌സലോണ. സ്വന്തം തട്ടകമായ ലൂയീസ് കോംപാനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബാഴ്‌സ വിന്‍സെന്റ് കോംപാനിയുടെ പടയെ തകര്‍ത്തുവിട്ടത്. ഇതോടെ ബയേണിനെതിരെ കുറച്ചുകാലമായി വിജയിക്കാന്‍ സാധിക്കാതെ വന്നതിന്റെ അപമാന ഭാരം ഇറക്കിവെക്കാനും കറ്റാലന്‍മാര്‍ക്കായി.

ക്യാപ്റ്റന്‍ റഫീന്യയുടെ ഹാട്രിക് ഗോളിന്റെ കരുത്തിലാണ് ബാഴ്‌സ വിജയിച്ചുകയറിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ നാലാം ഗോള്‍ കണ്ടെത്തിയപ്പോള്‍ ഹാരി കെയ്‌നാണ് ബയേണിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ളിക് തന്റെ കുട്ടികകളെ കളത്തിലിറക്കിവിട്ടത്. മറുവശത്ത് വിന്‍സെന്റ് കൊംപാനിയും അതേ ഫോര്‍മേഷന്‍ തന്നെയാണ് അവലംബിച്ചത്.

ആദ്യ വിസില്‍ മുഴങ്ങി ഒന്നാം മിനിട്ടില്‍ തന്നെ എസ്റ്റാഡി ഒളിംപിക് ലൂസീയ് കോംപാനീസ് പൊട്ടിത്തെറിച്ചു. മാനുവല്‍ നൂയറിനെ നിഷ്പ്രഭനാക്കി നായകന്‍ റഫീന്യ ബാഴ്‌സക്കായി വലകുലുക്കി. ഫെര്‍മിന്‍ ലോപസിന്റെ പാസിലൂടെയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ പിറന്നത്.

ആദ്യ മിനിട്ടില്‍ തന്നെ പിന്നിലായതോടെ തിരിച്ചടിക്കാനുള്ള ശ്രമം ബയേണും തുടങ്ങി. 11ാം മിനിട്ടില്‍ തന്നെ ഹാരി കെയ്ന്‍ ബാഴ്‌സ ഗോള്‍ വലയിലേക്ക് പന്തെത്തിച്ചു. എന്നാല്‍ ഓഫ് സൈഡില്‍ കുരുങ്ങി ആ ഗോള്‍ നിഷേധിക്കപ്പെട്ടു.

എന്നാല്‍ കൃത്യം ഏഴ് മിനിട്ടിന് ശേഷം ഹാരി കെയ്ന്‍ ബയേണിനെ ഒപ്പമെത്തിച്ചു. ഇടതുഭാഗത്ത് നിന്ന് ഗ്‌നാബ്രി മനോഹരമായി നല്‍കിയ പന്ത് കെയ്ന്‍ വലയിലെത്തിച്ചു.

മത്സരത്തിന്റെ 36ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി. ഇത്തവണയും ലോപസായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ബാഴ്‌സയുടെ വക മൂന്നാം ഗോളുമെത്തി. റഫീന്യയാണ് വീണ്ടും ഗോള്‍ കണ്ടെത്തിയത്. മാര്‍ക് കസാഡോയാണ് ഗോളിന് അസിസ്റ്റ് ചെയ്തത്.

രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബയേണിന്റെ മുന്നേറ്റങ്ങള്‍ക്കാണ് ലൂയീസ് കോംപാനി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 50ാം മിനിട്ടിലെ ബാഴ്‌സ ബോക്‌സിന് മുമ്പിലെ കൂട്ടപ്പൊരിച്ചില്‍ ഗോളാക്കി മാറ്റാന്‍ ജര്‍മന്‍ ടീമിന് സാധിച്ചില്ല.

ആദ്യ പകുതി ആരംഭിച്ച് കൃത്യം 11ാം മിനിട്ടില്‍ റഫീന്യ ഹാട്രിക് ഗോള്‍ പൂര്‍ത്തിയാക്കി. ലാമിന്‍ യമാല്‍ അളന്നുമുറിച്ച് നല്‍കിയ ഏരിയല്‍ പാസ് ഇടനെഞ്ചിലേറ്റുവാങ്ങിയ റഫീന്യ ബയേണ്‍ ഗോള്‍ പോസ്റ്റിലെത്തിച്ച് മത്സരത്തില്‍ തന്റെ മൂന്നാം ഗോളും പൂര്‍ത്തിയാക്കി.

തുടര്‍ന്നും ഇരു ടീമുകളും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്താകാതെ പോയി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1ന് കറ്റാലന്‍മാര്‍ വിജയിച്ചുകയറി. ഇതോടെ 8-2നേറ്റ പരാജയത്തിന് ഒരര്‍ത്ഥത്തില്‍ മറുപടി നല്‍കാനും ബാഴ്‌സക്കായി.

മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വെച്ചത് ബയേണായിരുന്നു. 61 ശതമാനം ബോള്‍ പൊസെഷനാണ് ബയേണിനുണ്ടായിരുന്നത്. എന്നാല്‍ ശേഷിച്ച 39 ശതമാനം കൊണ്ടുതന്നെ നാല് ഗോള്‍ വലയിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിച്ചു.

മത്സരത്തില്‍ ബാഴ്‌സ 12 ഷോട്ട് ഉതിര്‍ത്തപ്പോള്‍ 11 ഷോട്ടാണ് ബയേണ്‍ തൊടുത്തുവിട്ടത്. ബാഴ്‌സയുടെ നാല് ഷോട്ടുകളാണ് ബയേണ്‍ ഗോള്‍മുഖം ലക്ഷ്യം വെച്ച് പിറന്നത്. ഈ നാലെണ്ണവും ലക്ഷ്യം കാണുകയും ചെയ്തു. കളിയിലൊന്നാകെ ബാഴ്‌സ 376 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 565 പാസുകളാണ് ബയേണ്‍ പൂര്‍ത്തിയാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ബാഴ്‌സ. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് വിജയമാണ് ബാഴ്‌സക്കുള്ളത്. ഈ രണ്ട് വിജയങ്ങളാകട്ടെ മികച്ച മാര്‍ജിനിലുള്ളതും.

കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ഒമ്പത് പോയിന്റോടെ ആസ്റ്റണ്‍ വില്ലയാണ് ഒന്നാമത്. വില്ലന്‍സിന് തൊട്ടുതാഴെ ഒമ്പത് പോയിന്റുമായി ലിവര്‍പൂളും ഇരിപ്പുറപ്പിച്ചിരിക്കുന്നു. മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി 23ാം സ്ഥാനത്താണ് ബയേണ്‍.

ഡിസംബര്‍ 12നാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ തൊട്ടടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ തൊട്ടുതാഴെയുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. ഡോര്‍ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇഡ്യൂനയാണ് വേദി.

 

Content highlight: UEFA Champions League: Barcelona defeated Bayern München