തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്‍കാന്‍ നിര്‍ദേശിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍
അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാനാണ് നിര്‍ദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കുമെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര നയങ്ങള്‍ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെന്‍ഷനിലെ ഒരു ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. അഞ്ചു ഗഡുക്കളാണ് കുടിശികയായത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചിരുന്നു.
അതില്‍ രണ്ട് ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ബാക്കി മൂന്ന് ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിക്കുന്നതെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസംതന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlight: Welfare pension; One more installment of arrears has been sanctioned, two installments will be received next month