IPL
ഓസ്ട്രേലിയയിലെ പ്രകടനത്തിന്റെ പകുതി പോലും അവന്‍ ഇവിടെ പുറത്തെടുക്കുന്നില്ല; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 07:08 am
Thursday, 24th April 2025, 12:38 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഹൈദരാബാദ് വഴങ്ങിയത്. ഇതോടെ സീസണിലെ ആറാം തോല്‍വിയാണ് ഓറഞ്ച് ആര്‍മി നേരിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കത്തിലേ പിഴച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ ഒരിക്കല്‍ക്കൂടി തിളങ്ങാന്‍ സാധിക്കാതെ പോയി. പവര്‍ പ്ലേയില്‍ തന്നെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി പുറത്തായാണ് ഹൈദരാബാദിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

പിന്നാലെ എത്തിയവര്‍ ഓരോ ഓവറിലും പുറത്തായി. ബിഗ് ഹിറ്റിന് പേരുകേട്ട ഹൈദരാബാദ് ടോപ് ഓർഡർ തീർത്തും നിരാശപ്പെടുത്തി. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായിരുന്നു.

ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ സീസണിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയും ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത ഹൈദരാബാദ് ബാറ്റര്‍ നിതീഷ് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഓസ്ട്രേലിയയില്‍ നിതീഷ് നടത്തിയ പ്രകടനത്തിന് ശേഷം ഐ.പി.എല്ലില്‍ അവന്‍ ആധിപത്യം സ്ഥാപിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

നിതീഷ് ഫോര്‍മാറ്റിനനുസരിച്ച് കളിക്കുന്നതിന് പകരം സാഹചര്യത്തിനനുസരിച്ച് കളിക്കണമെന്നും അവന്‍ ഓസ്‌ട്രേലിയയില്‍ പുറത്തെടുത്തതിന്റെ പകുതി പോലും ഐ.പി.എല്ലില്‍ കളിക്കുന്നില്ലെന്നും ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘നിതീഷ് ടീമിന് ഏറ്റവും അനുയോജ്യനായ ബാറ്ററാണെന്ന് എസ്.ആര്‍.എച്ച് കരുതി. ഓസ്ട്രേലിയയില്‍ നിതീഷ് കുമാര്‍ റെഡ്ഡി നടത്തിയ പ്രകടനത്തിന് ശേഷം 2025 ഐ.പി.എല്ലില്‍ അവന്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഫലങ്ങള്‍ ആശങ്കാജനകമാണ്.

നമ്മളേക്കാള്‍ അവന് വിഷമം തോന്നുന്നുണ്ടാകും. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്ത് നിതീഷ് മികച്ച പ്രകടനം കാഴ്ച വെച്ചു.

നിതീഷ് ഫോര്‍മാറ്റിനനുസരിച്ച് കളിക്കുന്നതിന് പകരം സാഹചര്യത്തിനനുസരിച്ച് കളിക്കണം. അവന്‍ ഓസ്‌ട്രേലിയയില്‍ പുറത്തെടുത്തതിന്റെ പകുതി പോലും ഐ.പി.എല്ലില്‍ കളിക്കുന്നില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

മുംബൈക്കെതിരായ മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട നിതീഷ് രണ്ട് റണ്‍സ് മാത്രമാണ് നേടിയത്. താരത്തിന് ഈ സീസണില്‍ ഹൈദരാബാദിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഒന്നും നടത്താന്‍ സാധിച്ചിരുന്നില്ല.

എട്ട് മത്സരങ്ങളില്‍ നിന്ന് 133 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. 19 ആവറേജും 109.91സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന് ഈ സീസണില്‍ ബാറ്റ് ചെയ്യുന്നത്. ലഖ്നൗവിനെതിരെ നേടിയ 32 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: IPL 2025: SRH vs MI: Harbhajan Singh talks about Nitish Kumar Reddy