ശ്രീനഗർ: പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാവരെയും ഓർത്ത് തങ്ങൾ ദുഖിക്കുന്നെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏക കശ്മീരിയുടെ കുടുംബം. ‘ആദിലിന്റെ വിയോഗം മാത്രമല്ല ഞങ്ങളെ ദുഖിപ്പിക്കുന്നത്, കൊല്ലപ്പെട്ട എല്ലാവർക്കും വേണ്ടി ഞങ്ങൾ കരയുകയാണ്,’ ആദിലിന്റെ കുടുംബം പറഞ്ഞു.
തന്റെ മൂത്ത മകൻ സയ്യിദ് ആദിൽ ഹുസൈന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്ന ആദിലിന്റെ മാതാവ് ബേബി ജാൻ മങ്ങിയ വെളിച്ചമുള്ള മുറിയുടെ മൂലയിൽ ഇരുന്ന് നിശബ്ദമായി കണ്ണുനീർ പൊഴിക്കുകയാണ്. അവരുടെ കണ്ണുനീർ കൊല്ലപ്പെട്ട തന്റെ മകന് വേണ്ടി മാത്രമല്ല. അന്നേ ദിവസം ഭീകരർ കൊലപ്പെടുത്തിയ മറ്റുള്ളവർക്ക് കൂടി വേണ്ടിയാണ്.
ആദിലിന്റെ ഒരേയൊരു മകൾ മരണപ്പെട്ടതിന് പിന്നാലെയാണ് ആദിലിന്റെ വിയോഗവും സംഭവിച്ചിരിക്കുന്നത്. ഇരുമരണങ്ങളും ഏൽപ്പിച്ച ആഘാതത്തിൽ തകർന്നിരിക്കുകയാണ് കുടുംബം.
ആദിലിനും ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർക്കും നീതി ലഭിക്കണമെന്നും കുറ്റവാളികളെ പിടിക്കുന്നത് വരെ സർക്കാർ വിശ്രമിക്കരുതെന്നും ആവശ്യപ്പെടുകയാണ് കുടുംബം.
‘ആദിലിന്റെ വിയോഗത്തിൽ മാത്രമല്ല ഞങ്ങൾ ദുഖിക്കുന്നത്. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്കും വേണ്ടി ഞങ്ങൾ കരയുകയാണ്. മുഴുവൻ കശ്മീർ ദുഖത്തിലാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ സർക്കാർ വിശ്രമിക്കരുത്,’ ആദിലിന്റെ അമ്മായി ഖാലിദ പർവീൺ ദി വയറിനോട് പറഞ്ഞു.
ആദിലിന്റെ മാതാവ് ബേബി ജാൻ
ചൊവ്വാഴ്ച രാവിലെ അനന്ത്‌നാഗ് ജില്ലയിലെ ഹപട്‌നർ ഗ്രാമത്തിൽ നിന്ന് തന്റെ മകൻ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന പഹൽഗാമിലേക്ക് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നും ആദിലിന്റെ അമ്മ പറഞ്ഞു. ബൈസരനിലേക്കും തെക്കൻ കശ്മീരിലെ ഹെൽത്ത് റിസോർട്ടിലെ മറ്റ് സ്ഥലങ്ങളിലും കുതിര സവാരി നടത്തുകയായിരുന്നു ആദിലിന്റെ ഉപജീവനമാർഗം.
‘കുതിരയുടെ ഉടമ അവന് ഒരു ദിവസം 300-400 രൂപ വീതം നൽകി. ശൈത്യകാലത്ത് അവൻ ജമ്മുവിൽ പോയി ജോലി ചെയ്യുമായിരുന്നു. അങ്ങനെയായിരുന്നു അവൻ ഞങ്ങളുടെ കുടുംബത്തെ നോക്കിയിരുന്നത്. അവനില്ലാതെ ഞങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല. ഞങ്ങളുടെ ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു,’ ആദിലിന്റെ ‘അമ്മ പറഞ്ഞു.
അപകടമുണ്ടായ അന്ന് പഹൽഗാമിൽ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകൻ സയ്യിദ് നൗഷാദ് ഹുസൈൻ വൈകുന്നേരം നാല് മണിയോടെ ആദിൽ ജോലിക്ക് പോയോ എന്ന് അന്വേഷിച്ച് തന്നെ വിളിച്ചതായി ആദിലിന്റെ പിതാവ് സയ്യിദ് ഹൈദർ ഹുസൈൻ ഷാ പറഞ്ഞു.
ജോലി കഴിഞ്ഞാൽ ആദിൽ എല്ലാ വൈകുന്നേരവും ഹപട്‌നറിലെ വീട്ടിലേക്ക് മടങ്ങുമായിരുന്നു. എന്നാൽ വിനോദസഞ്ചാരികൾ ഹോട്ടലുകളിൽ വൈകി എത്തുന്നതിനാൽ നൗഷാദ് പലപ്പോഴും റിസോർട്ടിൽ തന്നെ തങ്ങുമായിരുന്നു. അന്ന് നൗഷാദ് വിളിച്ചതോടെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നിയതായി ആദിലിന്റെ പിതാവ് പറഞ്ഞു. പിന്നീട് അറിഞ്ഞത് മകന്റെ മരണവാർത്തയായിരുന്നു.
ഇത്തരം ആക്രമണം കശ്മീരികളുടെ ഉപജീവനമാർഗമാണ് ഇല്ലാതാക്കുന്നതെന്നും ഈ ആക്രമണം തങ്ങളുടെ കൂടി നേരെയാണെന്ന് പഹൽഗാമിലെ പോണിവാല അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ വഹീദ് വാനി പറഞ്ഞു. സംഭവം നടന്ന് ഏകദേശം 45 മിനിറ്റിനുശേഷം താൻ ബൈസാരനിലെ കൂട്ടക്കൊല നടന്ന സ്ഥലത്ത് എത്തിയെന്ന് അദ്ദേഹം ദി വയറിനോട് പറഞ്ഞു.
‘ബൈസാരണിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കുന്നത് നിർത്താൻ ഞാൻ ലോക്കൽ പൊലീസിനെ വിളിച്ചു പറഞ്ഞു. അവിടെ എല്ലായിടത്തും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. പരിക്കേറ്റവരെ ഞങ്ങൾ കുതിരപ്പുറത്ത് കയറ്റി പഹൽഗാമിലേക്ക് അയച്ചു. അവിടെ നിന്ന് അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോൾ പ്രദേശത്ത് ഏകദേശം 1,000-1,500 ആളുകൾ ഉണ്ടായിരുന്നു. പൂത്തുലഞ്ഞ ഒരു പൂന്തോട്ടത്തിൽ ആലിപ്പഴം വീഴുന്നത് പോലെയാണ് ഇത്. പഹൽഗാമിലെ നൂറുകണക്കിന് ആളുകൾ ടൂറിസം മേഖലയിൽ ജോലി ചെയ്തുകൊണ്ട് ഉപജീവനമാർഗം കണ്ടെത്തി. ആക്രമണം ഞങ്ങളുടെ ഉപജീവനമാർഗം നശിപ്പിക്കും,’ അബ്ദുൾ വഹീദ് വാനി പറഞ്ഞു.
Content Highlight: We Are Mourning For All Who Were Killed With Adil’: Family of Kashmiri Man Killed in Pahalgam