മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. രണ്ടു സിനിമകൾ കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് കെ. ആർ സുനിൽ, തരുൺ മൂർത്തി എന്നിവരാണ്. എം. രഞ്ജിത്താണ് നിർമാണം.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തുടരും എന്ന ചിത്രത്തിന്. ചിത്രം നാളെയാണ് (25-04-25) തിയേറ്ററിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിൻ്റെ പ്രൊമോഷനിൽ എന്താണ് മോഹൻലാലും ശോഭനയും വരാത്തതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
താനിപ്പോൾ മോഹൻലാലിനെയും ശോഭനയെയും ആണ് ഇവിടെ ഇരുത്തുന്നതെങ്കിൽ പിന്നെ സിനിമയിൽ എന്താണ് കാണാനുള്ളതെന്ന് തരുൺ പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ടെന്നും അവർ ഇരുന്ന് കഴിഞ്ഞാൽ തന്നെ ഒരു ഓറയുണ്ടെന്നും കെമിസ്ട്രിയുണ്ടെന്നും തരുൺ പറഞ്ഞു.
ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണെന്നും പിന്നണി പ്രവർത്തകരാണ് ഈ സിനിമയെപ്പറ്റി ഇപ്പോൾ പറയുന്നതെന്നും സിനിമ ഇറങ്ങിക്കഴിയുമ്പോൾ മുന്നണിപ്രവർത്തകർ മുന്നിൽ വന്നുനിന്ന് സംസാരിക്കുമെന്നും തരുൺ വിശദീകരിച്ചു.
റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയമാണെങ്കിൽ അങ്ങനെ ചെയ്യാമെന്നും തരുൺ കൂട്ടിച്ചേർത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘എന്‍റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്.
അവർ ഇരുന്ന് കഴിഞ്ഞാൽ തന്നെ ഒരു ഓറയുണ്ട്, അവർക്കൊരു കെമിസ്ട്രിയുണ്ട്. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്. പിന്നണി പ്രവർത്തകരാണ് ഈ സിനിമയെപ്പറ്റി ഇപ്പോൾ പറയുന്നത്. സിനിമ ഇറങ്ങിക്കഴിയുമ്പോൾ മുന്നണിപ്രവർത്തകർ മുന്നിൽ വന്നുനിന്ന് സംസാരിക്കും. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Why aren’t Shobhana and Mohanlal coming for promotions? says Tarun Moorthy