Advertisement
Kerala News
വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 07:15 am
Thursday, 24th April 2025, 12:45 pm

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്. നിയമം മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിനെതിരെ ‘പിക് ആന്‍ഡ് ചോയ്‌സ്’ നയം നടപ്പിലാക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

കേന്ദ്രം വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും കേരള വഖഫ് ബോര്‍ഡ് പറഞ്ഞു. വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന് എതിരാണെന്നും വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തില്‍ നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന വഖഫ് ബോര്‍ഡ് കേന്ദ്രത്തിനെതിരെ ഹരജി നല്‍കിയത്.

അതേസമയം പുതിയ വഖഫ് നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിയമത്തില്‍ ചില പോസിറ്റീവ് വശങ്ങളുണ്ടെന്നാണ് കോടതി പറഞ്ഞത്.

എന്നാല്‍ ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ വഖഫ് ബോര്‍ഡില്‍ നിയമനം നടത്തരുതെന്നും വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

നിയമനിര്‍മാണം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് പറഞ്ഞ കോടതി നിയമരപരമായി രജിസ്റ്റര്‍ ചെയ്ത ഭൂമികളുടെ തരം മാറ്റാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് തത്ക്കാലം വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ നിയമിക്കില്ലെന്നും സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ദരിദ്രരായ പൗരന്മാരുടെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നിയമം പാസാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ വഖഫ് നിയമത്തിനെതിരെ 75 ഹരജികള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതില്‍ അഞ്ചെണ്ണം മാത്രമാണ് കോടതി അടുത്ത വാദത്തില്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്. ഹരജികളില്‍ അടുത്ത വാദം മെയ് അഞ്ചിന് കേള്‍ക്കും.

Content Highlight: Kerala Waqf Board files petition against Waqf amendment Act in Supreme Court