തൃശ്ശൂർ: മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ വേണ്ടതില്ല എന്ന തൃശൂരിലെ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് നിരാഹാര സമരം നടത്തും. ടി.എൻ. പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയുമാണ് ചൊവ്വാഴ്ച്ച രാവിലെ പത്ത്മുതൽ 24 മണിക്കൂർ നിരാഹാഹര സമരം നടത്തുന്നത്.
മെഡിക്കൽ ബോർഡിന്റെ പക്ഷപാതപരമായ നിലപാടിനെതിരെയാണ് നിരാഹാര സമരം നടത്തുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. വാളയാറിൽ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യു.ഡി.എഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം ശരിവെക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ എ.സി മൊയ്തീനെ ഒഴിവാക്കി യു.ഡി.എഫ് നേതാക്കളെ മാത്രം ക്വാറന്റൈനിലാക്കുന്ന നടപടി വിവേചനപരമാണ് എന്ന് ആരോപിച്ചാണ് നേതാക്കൾ നിരാഹാര സമരമിരിക്കുന്നത്.
ഇരുവരും ക്വാറന്റൈനിൽ കഴിയുന്ന സ്ഥലത്ത് തന്നെയാണ് നിരാഹാര സമരം നടത്തുക. നേരത്തെ ഗുരുവായൂരിൽ മന്ത്രി എ.സി മൊയ്തീൻ സന്ദർശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിക്കും ക്വാറന്റൈൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ മന്ത്രി അവരെ കണ്ടതായി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് തൃശൂർ മെഡിക്കൽ ബോർഡ് മന്ത്രിയെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക