Entertainment
തുടരും സിനിമയിലെ ആ സീന്‍ എഡിറ്റ് ചെയ്യാന്‍ നേരം ഞാന്‍ സ്റ്റക്കായി, ലാലേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് ട്രോമയിലായി: ഷഫീഖ് വി.ബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 04:31 am
Tuesday, 29th April 2025, 10:01 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ സിനിമയാണ് തുടരും. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്. മൂന്ന് ദിവസം കൊണ്ട് 60 കോടിക്കുമുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റര്‍മാരിലൊരാളായ ഷഫീഖ് വി.ബി. നേരത്തെ നിഷാദ് യൂസഫായിരുന്നു ചിത്രത്തിന്റെ ആദ്യ എഡിറ്റര്‍. ഷൂട്ടിനിടയില്‍ നിഷാദ് മരണപ്പെട്ടതിന് പിന്നാലെയാണ് ഷഫീഖ് തുടരും സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ പല സീനുകളും ഒറ്റദിവസം കൊണ്ടായിരുന്നു എഡിറ്റ് ചെയ്തതെന്ന് ഷഫീഖ് പറഞ്ഞു.

എന്നാല്‍ ചിത്രത്തില്‍ ബാത്ത്‌റൂമില്‍ വെച്ചുള്ള ഒരു സീനുണ്ടെന്നും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളില്‍ ഒന്നായിരുന്നു അതെന്നും ഷഫീഖ് കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ താന്‍ മൂന്നുനാല് ദിവസം സ്റ്റക്കായിപ്പോയെന്ന് ഷഫീഖ് പറയുന്നു. ആ സീനില്‍ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കണ്ട് താന്‍ ട്രോമയിലായെന്നും ഷഫീഖ് പറഞ്ഞു.

ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെപ്പറ്റി താന്‍ ഓര്‍ത്തുപോയെന്നും മോഹന്‍ലാല്‍ എന്ന നടന്‍ ആ സീനില്‍ കഥാപാത്രമായി മാറിയതായാണ് താന്‍ കണ്ടതെന്നും ഷഫീഖ് കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നായിരുന്നു അതെന്നും എഡിറ്റ് ചെയ്യാന്‍ കുറച്ചധികം ബുദ്ധിമുട്ടിയെന്നും ഷഫീഖ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഷഫീഖ് വി.ബി.

‘ഈ സിനിമയില്‍ ലാലേട്ടന്‍ ബാത്ത്‌റൂമില്‍ നില്‍ക്കുന്ന ഒരു സീനുണ്ട്. ഈ പടത്തിലെ ഏറ്റവും ഇംപോര്‍ട്ടന്റായിട്ടുള്ള സീനുകളില്‍ ഒന്നാണ് അത്. പടത്തിലെ ബാക്കി സീനുകളൊക്കെ ഒരു ദിവസം കൊണ്ട് ഞാന്‍ തീര്‍ക്കുമായിരുന്നു. എന്നാല്‍ ഈ സീന്‍ എത്തിയപ്പോള്‍ ഞാന്‍ സ്റ്റക്കായി. കാരണം, ലാലേട്ടന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു.

ആ സീന്‍ എഡിറ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് ട്രോമയടിച്ചു. കാരണം, ഷണ്മുഖന്‍ എന്ന ക്യാരക്ടര്‍ ആ അവസ്ഥയില്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ആ സീനിലൊക്കെ ലാലേട്ടന്‍ ആ ക്യാരക്ടറിലേക്ക് പൂര്‍ണമായും മാറുന്നതാണ് കണ്ടത്. ഈ പടത്തിലെ ഏറ്റവും ബെസ്റ്റ് സീനായിരിക്കും ഇതെന്ന് അപ്പോള്‍ തന്നെ മനസിലായി,’ ഷഫീഖ് വി.ബി. പറഞ്ഞു.

Content Highlight: Editor Shafeeque VB  shares the editing experience of Thudarum movie