IPL
14കാരന്‍ പയ്യന്റെ വെടിക്കെട്ടില്‍ നേടിയ വിജയം; ഇനി സഞ്ജുവിന്റെ രാജസ്ഥാന്‍ ഐ.പി.എല്ലിലെ ചെയ്സ് മാസ്റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 04:10 am
Tuesday, 29th April 2025, 9:40 am

ഐ.പി.എല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും യശസ്വി ജെയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിനെതിരെ രാജസ്ഥാന്റെ രണ്ടാം വിജയമാണിത്.

ബൗണ്ടറികളുടെ തീമഴ പെയ്ത മത്സരത്തില്‍ 25 പന്ത് ബാക്കി നില്‍ക്കവെയാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്ലില്‍ 200 പ്ലസ് സ്‌കോര്‍ വേഗത്തില്‍ പിന്തുടര്‍ന്ന് ജയിച്ച ടീം എന്ന സുവര്‍ണ നേട്ടമാണ് പിങ്ക് ആര്‍മി സ്വന്തം പേരില്‍ കുറിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ മറികടന്നാണ് രാജസ്ഥാന്‍ ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എല്ലിലെ ഏറ്റവും വേഗതയേറിയ 200+ ചെയ്സ്

(ടീം – സ്‌കോര്‍ – ഓവറുകള്‍ – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് – 212/2 – 15.5 – ഗുജറാത്ത് ടൈറ്റന്‍സ് – ജയ്പൂര്‍ – 2025

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 206/1 – 16.0 – ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ് – 2024

മുംബൈ ഇന്ത്യന്‍സ് – 200/4 – 16.3 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – വാംഖഡെ – 2023

ദല്‍ഹി ക്യാപിറ്റല്‍സ് – 214/3 – 17.3 – ഗുജറാത്ത് ലയണ്‍സ് – ദല്‍ഹി – 2017

മുംബൈ ഇന്ത്യന്‍സ് – 201/2 – 18.0 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – വാംഖഡെ – 2023

മത്സരത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ താരം വൈഭവ് സൂര്യവംശിയുടേതായിരുന്നു. 38 പന്തില്‍ 101 റണ്‍സുമായാണ് താരം മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയത്. 11 സിക്‌സറും ഏഴ് ഫോറും അടക്കം 265.79 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

വൈഭവിന് പുറമെ 40 പന്തില്‍ 70 റണ്‍സെടുത്ത ജെയ്‌സ്വാളും15 പന്തില്‍ 32 റണ്‍സെടുത്ത റിയാന്‍ പരാഗും രാജസ്ഥനായി മികച്ച പ്രകടനം പുറത്തെടുത്തു. പ്രസീദ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായ വൈഭവിന് ശേഷമെത്തിയ നിതീഷ് റാണ മാത്രമാണ് നിരാശപ്പെടുത്തിയത്. താരം റഷീദ് ഖാന്റെ പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത് എല്‍.ബി.ഡബ്ല്യൂയയാണ് മടങ്ങിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30 പന്തില്‍ 39 റണ്‍സുമായി നിന്ന സായ് സുദര്‍ശനെ മടക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്.

വണ്‍ ഡൗണായെത്തിയ ജോസ് ബട്ലറിനൊപ്പവും ഗില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുമായി ഗില്‍-ബട് സഖ്യവും തിളങ്ങി.

രാജസ്ഥാനായി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഗില്‍ 50 പന്തില്‍ 84 റണ്‍സെടുത്തപ്പോള്‍ ബട്‌ലര്‍ 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Content Highlight: IPL 2025: RR vs GT: Rajasthan Royals tops the list of fastest team to chase 200 plus score in IPL