മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ. ജയന്‍. ഇന്നും മികച്ച ചില വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് അദ്ദേഹം.
നടന്‍ ദുല്‍ഖറിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്‍.
തന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ഒരു കഥയാണ് അദ്ദേഹം പങ്കുവെച്ചത്. ജന്മദിനങ്ങള്‍ താന്‍ ആഘോഷിക്കാറേ ഇല്ലെന്നും ഒരു തവണ മല്ലുസിങ്ങിന്റെ ഷൂട്ടിനിടെ തന്നെ ഞെട്ടിച്ച ഒരു പിറന്നാളാഘോഷം ഉണ്ടായിരുന്നെന്നും അതിന് ശേഷം ദുല്‍ഖറാണ് തന്നെ ഞെട്ടിച്ചതെന്നും മനോജ് കെ. ജയന്‍ പറയുന്നു.
‘ സല്യൂട്ട് സിനിമയുടെ ഷൂട്ട് കൊല്ലത്ത് നടക്കുകയാണ്. അവിടെ എന്തോ പലരുടേയും ബര്‍ത്ത് ഡേ കാര്യങ്ങളൊക്കെ ചോദിച്ച് വന്നപ്പോള്‍ ദുല്‍ഖര്‍ എന്നോട് ചേട്ടന്റെ ബര്‍ത്ത് ഡേ എന്നാണ് എന്ന് ചോദിച്ചു.
മാര്‍ച്ച് 13 നാണ് ചോദിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞാല്‍ എന്റെ ബര്‍ത്ത് ഡേയാണ്. ഇതറിഞ്ഞാല്‍ ഇപ്പോള്‍ സെറ്റില്‍ എല്ലാവരും കൂടി കേക്ക് മുറിക്കുമെന്ന് എനിക്ക് മനസിലായി. ദുല്‍ഖര്‍ അറിഞ്ഞാല്‍ പിന്നെ പറയണ്ടേ.
എന്റെ ബര്‍ത്ത് ഡേ എന്ന് പറഞ്ഞ് ഞാന്‍ ഇങ്ങനെ ചിന്തിക്കുകയാണ്. ചേട്ടന്‍ ബര്‍ത്ത് ഡേ എന്നാണെന്ന് ആലോചിക്കുകയാണോ എന്ന് ചോദിച്ചു.
ഏപ്രില്‍ 17 നാണെന്ന് ഞാന്‍ പറഞ്ഞു. നീട്ടിയങ്ങ് പറഞ്ഞതാണ്. ഈ ഷെഡ്യൂള്‍ തീര്‍ന്ന ശേഷമുള്ള ഡേറ്റ് പറഞ്ഞതാണ്. അയ്യോ ചേട്ടാ ഏപ്രില്‍ 17 ന് മുന്‍പ് നമ്മുടെ ഷെഡ്യൂള്‍ തീരില്ലേ എന്ന് ചോദിച്ചു.
അങ്ങനെ മാര്‍ച്ച് 15 ന് എനിക്ക് വര്‍ക്കില്ല. ഞാന്‍ നേരെ വീട്ടില്‍ വന്ന് സയലന്റ് ആയി ഇരുന്നു. ബര്‍ത്ത് ഡേയും ഇല്ല ഒന്നും ഇല്ല. ആരും അറിഞ്ഞില്ല സന്തോഷം എന്ന് കരുതി ഇരിക്കുമ്പോള്‍ ആരോ പറഞ്ഞ് ദുല്‍ഖര്‍ അറിഞ്ഞു.
പുള്ളി എന്നെ വിളിച്ചു. ചേട്ടാ ചേട്ടന്റെ ബര്‍ത്ത് ഡേ ഇന്നായിരുന്നോ, എന്നിട്ടാണോ ചേട്ടന്‍ ഇവിടെ നിന്ന് പോയത് എന്ന് ചോദിച്ചു. അല്ല ദുല്‍ഖര്‍ എനിക്കൊരു അത്യാവശ്യമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.
ചേട്ടാ ഭയങ്കര ചതിയായിപ്പോയി എന്ന് അവന്‍ വിഷമം പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ പുള്ളി ഇന്‍സ്റ്റയില്‍ എന്നെ കുറിച്ച് ഒരു പോസ്റ്റിട്ടു. അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു. അത്ര നല്ല വരികളായിരുന്നു.
ഏറ്റവും അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ പോലും അങ്ങനെ എഴുതില്ല. അത്രയും ലവിങ് ആയിട്ടുള്ള വരികളായിരുന്നു. ഇത് കണ്ട് ഞാന്‍ മമ്മൂക്കയെ വിളിച്ചു.
നിങ്ങളെ കൂടെ ഇത്രയും പടം ചെയ്തിട്ട് നിങ്ങള്‍ ഇതുവരെ ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ, ദേ ആ ദുല്‍ഖര്‍ എഴുതിവെച്ചിരിക്കുന്നത് വായിക്ക് എന്ന് പറഞ്ഞു.
ആ.. അവനൊക്കെ എന്തും പറയാല്ലോ എന്നായിരുന്നു മറുപടി. പുള്ളി എല്ലാത്തിനേയും അങ്ങനെയല്ലേ എടുക്കൂ.. ദുല്‍ഖര്‍ എഴുതിയത് വായിച്ചു നോക്ക് എന്ന് പറഞ്ഞപ്പോള്‍ ആ ഞാന്‍ കണ്ട് കണ്ട് എന്ന് പറഞ്ഞു,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan about Dulquer salmaan and Mammootty