ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് എം.പിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കർണി സേനാ ആക്രമണങ്ങളിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി (എസ്.പി) പ്രസിഡന്റ് അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടി എം.പിയായ രാംജി ലാൽ സുമനെയാണ് കർണി സേന ആക്രമിച്ചത്.
സുമന് നേരെയുണ്ടായ ആക്രമണം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഭീഷണിയാണെന്ന് അദ്ദേഹം വിമർശിച്ചു. ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് തീവ്ര ഹിന്ദുത്വവാദികൾ പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്, നാളെ അവർ സാധാരണക്കാരെ പോലും വെറുതെ വിടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
‘ബുൾഡോസറുകൾ ബി.ജെ.പിയുടെ ആധിപത്യത്തിന്റെയും ഭയത്തിന്റെയും പ്രതീകങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ ഇപ്പോഴുള്ളത്. സുമന് നേരെയുള്ള ആക്രമണം ന്യൂനപക്ഷങ്ങളോടുള്ള അവരുടെ പെരുമാറ്റമാണ് വ്യക്തമാക്കുന്നത്. ഇന്ന് അവർ പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്, നാളെ അവർ സാധാരണക്കാരെ പോലും വെറുതെ വിടില്ല,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ ന്യൂനപക്ഷ സമുദായങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച അഖിലേഷ് യാദവ് അലഹബാദിൽ ഒരു ദളിതനെ ജീവനോടെ കത്തിച്ചുവെന്നും വാരണാസിയിൽ പട്ടേൽ സമുദായത്തിലെ ഒരു യുവാവിനെ വെടിവച്ചു കൊന്നുവെന്നും പറഞ്ഞു.
‘അലഹബാദിൽ ഒരു ദളിതനെ ജീവനോടെ കത്തിച്ചു. വാരണാസിയിൽ പട്ടേൽ സമുദായത്തിലെ ഒരു യുവാവിനെ വെടിവച്ചു കൊന്നു. ജൗൻപൂരിൽ ഒരു യുവാവിനെ ഓടിച്ചിട്ട് കൊലപ്പെടുത്തി. റാംപൂരിൽ ബധിരയും മൂകയുമായ ഒരു ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അസംഗഢിൽ ജയ് ഭീം മുദ്രാവാക്യം ഉയർത്തിയതിന് ഒരു യുവാവിനെ കൊലപ്പെടുത്തി,’ അഖിലേഷ് യാദവ് പറഞ്ഞു.
സംസ്ഥാനത്ത് പുതിയതും അപകടകരവുമായ ഒരു പ്രവണത ഉയർന്നുവരുന്നുവെന്ന് വിമർശിച്ച അദ്ദേഹം എസ്.പി അതിന് വഴങ്ങില്ലെന്നും പറഞ്ഞു.
ഏപ്രിൽ 27 ഞായറാഴ്ചയായിരുന്നു ഉത്തർപ്രദേശിലെ അലിഗഡിൽ എസ്.പി രാജ്യസഭാ എം.പി രാംജി ലാൽ സുമന്റെ വാഹനവ്യൂഹത്തിന് നേരെ കർണി സേന അംഗങ്ങൾ ആക്രമണം നടത്തിയത്. ഗഭാന ടോൾ പ്ലാസയ്ക്ക് സമീപം അക്രമികൾ വാഹനങ്ങൾക്ക് നേരെ ടയറുകളും കല്ലുകളും എറിഞ്ഞു. വാഹനവ്യൂഹത്തിലെ നിരവധി കാറുകൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു.
ആർക്കും പരിക്കില്ലെന്ന് അലിഗഡ് പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പഥക് പറഞ്ഞു. സംഭവത്തിൽ അലിഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൃത്യനിർവ്വഹണത്തിലെ വീഴ്ചയ്ക്ക് ഒരു സബ് ഇൻസ്പെക്ടറെയും ഒരു കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗഭാന പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Criminal act: Akhilesh Yadav condemns Karni Sena attack on Dalit MP’s convoy