Kerala News
തള്ളിപ്പറയാന്‍ കഴിയാത്ത വിധത്തില്‍ എസ്.ഡി.പി.ഐയുടെ തടവിലാണ് യു.ഡി.എഫ്: എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 25, 08:24 am
Monday, 25th November 2024, 1:54 pm

പാലക്കാട്: എസ്.ഡി.പി.ഐയുടെ ആഹ്ലാദ പ്രകടനം മതനിരപേക്ഷ കേരളത്തിന് മുന്നറിയിപ്പാണെന്ന് മന്ത്രി എം.ബി. രാജേഷ്.

പാലക്കാട്ടെ വിജയത്തിന് തങ്ങളാണ് കാരണമായതെന്ന് എസ്.ഡി.പി.ഐ അവകാശപ്പെടുമ്പോള്‍ ഒരു യു.ഡി.എഫ് നേതാവും അതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും എം.ബി. രാജേഷ് ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.

തള്ളിപ്പറയാന്‍ കഴിയാത്ത വിധത്തില്‍ എസ്.ഡി.പി.എയുടെ തടവിലായി യു.ഡി.എഫെന്നും എം.ബി. രാജേഷ് പറഞ്ഞു.

തങ്ങള്‍ ഒരു രീതിയിലും എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. എക്കാലത്തെയും പോലെ ആര്‍.എസ്.എസിനോട് സമാനമായ രീതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങള്‍ എതിര്‍ത്തിട്ടുണ്ടെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസിന് എങ്ങനെയാണോ അതുപോലെയാണ് മൈദൂദി ജമാഅത്തെ ഇസ്‌ലാമിക്കെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയില്‍ ആഭ്യന്തര കലഹം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.

മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് ബി.ജെ.പിയെ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയെ കൈപിടിച്ച് സഹായിച്ചത് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാക്കളുമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് പോകുന്ന ബി.ജെ.പിയെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ അവരുടെ കാര്യസ്ഥനാക്കണമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമായും സന്ധി ചേര്‍ന്ന പാരമ്പര്യം ഇടതുപക്ഷത്തിനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഒരുകാലത്തും വര്‍ഗീയതയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് അവര്‍ തിരിച്ചറിയണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍.ഡി.എഫ് ഒരു കാര്‍ഡ് കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: UDF is undeniably in the grip of SDPA: MB Rajesh