ആരാണ് നിങ്ങളുടെ പ്രിന്‍സിപ്പാള്‍? ഈ ചോദ്യം യു.സി കോളേജിലെ ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാവില്ല. കാരണം അങ്ങനെ ഒരാള്‍ ഇല്ല എന്നത് തന്നെ. പ്രിന്‍സിപ്പിള്‍ കാന്‍ഡിഡേറ്റായ താര കെ. സൈമണിന് യോഗ്യത ഇല്ല എന്ന് യൂണിവേസിറ്റി സിന്‍ഡിക്കേറ്റ് വിധിച്ച ശേഷം മറ്റൊരു പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ഇനിയും ന്യൂനപക്ഷ പദവിയുള്ള സഭകള്‍ ഭരിക്കുന്ന യൂണിവേസിറ്റി കോളേജ് തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. മാര്‍ച്ച് 31ന് മുന്‍ പ്രിന്‍സിപ്പാളായ തോമസ് മാത്യു വിരമിച്ച ശേഷം മാസം നാല് കഴിയുമ്പോഴും ഇതാണ് അവസ്ഥ.
യൂണിവേസിറ്റി വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പിളായി കാണിക്കുന്നത് സിന്‍ഡിക്കേറ്റ് യോഗ്യതയില്ലെന്ന് വിധിച്ച ബോട്ടണി വിഭാഗം അധ്യാപികയായ താര കെ. സൈമണിനേയാണ്.
ന്യൂനപക്ഷപദവിയുള്ള യു.സി കോളേജ് പ്രിന്‍സിപ്പാളിനെ തീരുമാനിക്കുന്നത് നാല് ക്രൈസ്തവ സഭകള്‍ ചേര്‍ന്നാണ്. ദക്ഷിണേത്യന്‍ പള്ളി, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി, മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളി, മലങ്കര യാക്കോബൈറ്റ് സിറിയന്‍ പള്ളി എന്നിവരുമായി ബന്ധപ്പെട്ട സഭകളുടെ അധികാരികള്‍ ചേര്‍ന്ന് തീരുമാനിക്കുന്ന പ്രിന്‍സിപ്പാളിന് സിന്‍ഡിക്കേറ്റ് അനുമതി ചെയ്യുകയാണ് ചെയ്യുക.
ഇത്തവണ രണ്ട് പേരായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ആയി ഉണ്ടായിരുന്നത്. ബോട്ടണി വിഭാഗത്തിലെ ഡോ. താര കെ. സൈമണും, മലയാള വിഭാഗത്തിലെ മൂസ് മേരി ജോര്‍ജ്ജും. രണ്ട് പേര്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചെയര്‍മാന്റെ കാസ്റ്റിങ്ങ് വോട്ട് വഴിയാണ് താര കെ. സൈമണിനെ പ്രിന്‍സിപ്പാള്‍ ആക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ കഴിഞ്ഞ തവണ ചരിത്രത്തില്‍ ആദ്യമായി യു.സി കോളേജില്‍ നിന്നും സഭകള്‍ തീരുമാനിച്ച ആളെ യൂണിവേസിറ്റി നിരസിച്ചു.
“”യു.ജി.സിയുടെ 2010 റെഗുലേഷന്‍ പ്രകാരം ഓരോ അപ്പോയിന്റ്‌മെന്റിന്റേയും കൃത്യമായ റെഗുലേഷന്‍സ് പറയുന്നുണ്ട്. 26/2/2016 കോടതി വിധി പ്രകാരമാണിത്. അതില്‍ മൂന്ന് കാറ്റഗറികളുണ്ട് ജേര്‍ണല്‍, റിസര്‍ച്ച് എന്നിങ്ങനെയെല്ലാം. ഓരോ കാറ്റഗറിയിലും ഇത്ര ഇത്ര പോയിന്റുകള്‍ വേണമെന്ന് നിബന്ധനയുണ്ട്. ഈ എ.പി.എസ് പോയിന്റ് സഭ നിര്‍ദേശിച്ച ഡോ. താര കെ. സൈമണിനില്ല. ഇതാണ് അംഗീകാരം നല്‍കാത്തതിന് കാരണം””, യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും അപ്പ്രൂവല്‍ കമ്മറ്റി കണ്‍ വീനറുമായ പത്മകുമാര്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴും യു.സി കോളേജില്‍ പ്രിന്‍സിപ്പാളുടെ ക്യാബിനില്‍ ഇരിക്കുന്നത് സിന്‍ഡിക്കേറ്റ് അംഗീകാരം ഇല്ലെന്ന് പറഞ്ഞ താര കെ. സൈമണ്‍ എന്ന അധ്യാപിക തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനെപ്പറ്റി ചോദിക്കുമ്പോള്‍ അത് തങ്ങളുടെ പരിധിയില്‍ ഉള്ള കാര്യമല്ലെന്നും, നടപടി സ്വീകരിക്കേണ്ടത് കോളേജ് അധികൃതരായ സഭകള്‍ ആണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നു.
“”യു.ജി.സി 2010 റെഗുലേഷന്‍ പ്രകാരം ഗൈഡ്ഷിപ്പ് വേണം, 400 എ.പി.എസ് സ്‌കോര്‍ വേണം. എന്നാല്‍ ഇത് താര കെ.സൈമണിനില്ല എന്നാണ് അപ്പ്രൂവല്‍ കമ്മറ്റി കണ്ടെത്തിയത് ഇവര്‍ക്ക് 320ഓളം സ്‌കോര്‍ മാത്രമേ ലഭിച്ചുള്ളു. അതുകൊണ്ട് തന്നെ യൂണിവേസിറ്റി നിയമനം തടഞ്ഞു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചു. കോടതി യൂണിവേഴ്സിറ്റിയോട് ഇത് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പ്രോ വി.സി ഹിയറിങ്ങ് നടത്തുകയും എ.പി.എസ് സ്‌കോറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സിനെ ഏര്‍പ്പാടാക്കിയിരിക്കുകയുമാണ്. അവര്‍ നിലവില്‍ ഇത് പരിശോധിക്കുകയുമാണ്””, പേര് വെളിപ്പെടുത്താന്‍ താല്പര്യപ്പെടാത്ത ഒരു എം.ജി സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗം ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
400 എ.പി.എസ് സ്‌കോറിന് വേണ്ടി ഡോ. താര കെ.സൈമണ്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോളേജ് ബര്‍സര്‍ എന്ന നിലയില്‍ ചെയ്ത വര്‍ക്കുകള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ അവര്‍ക്ക് ഉണ്ട് എന്ന് പറഞ്ഞ വര്‍ക്കുകള്‍ അവരുടെ സ്വന്തമല്ലെന്നും യു.സി കോളേജ് ബര്‍സാര്‍ എന്ന നിലവില്‍ അവര്‍ ഭാഗബാക്കായ വര്‍ക്കുകള്‍ മാത്രമാണെന്നും സിന്‍ഡിക്കേറ്റ് കണ്ടെത്തിയതാണ് അംഗീകാരം നല്‍കാതിരിക്കാന്‍ കാരണം എന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 31ന് പ്രിന്‍സിപ്പാള്‍ വിരമിച്ചിട്ടും, ഇനിയും സ്ഥാനത്തേക്ക് യു.ജി.സി മാനദണ്ഢങ്ങള്‍ പാലിക്കുന്ന ഒരു അധ്യാപികയെ/അധ്യാപകനെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കാത്തത് മാനേജ്‌മെന്റിന്റെ പരാജയമാണ്. കോളേജ് മലയാള വിഭാഗത്തില്‍ തന്നെ യോഗ്യതകളുള്ള അധ്യാപികയെ ഉണ്ടെന്നിരിക്കെ ഇതിനായുള്ള നടപടികള്‍ വൈകിക്കൂട.