'താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചു, ലഘുലേഖയെന്ന് പറഞ്ഞ് എടുത്തത് ടെക്‌സ്‌റ്റ് ബുക്ക്'; വെളിപ്പെടുത്തലുമായി അറസ്റ്റിലായ യുവാവിന്റെ അമ്മ
Kerala
'താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചു, ലഘുലേഖയെന്ന് പറഞ്ഞ് എടുത്തത് ടെക്‌സ്‌റ്റ് ബുക്ക്'; വെളിപ്പെടുത്തലുമായി അറസ്റ്റിലായ യുവാവിന്റെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 10:00 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്ന് പറഞ്ഞ് പൊലീസ് എടുത്തത് മകന്റെ ടെക്സ്റ്റ് ബുക്കുകളാണെന്നും താഹയുടെ അമ്മ ജമീല പറഞ്ഞു.

മുദ്രാവാക്യം വിളിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചെന്നും ഇവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പെരുമണ്ണയില്‍ നില്‍ക്കുകയായിരുന്ന താഹ ഒരാള്‍ ഓടിപ്പോവുന്നത് കണ്ടു. ഇയാള്‍ വലിച്ചെറിഞ്ഞ ബാഗ് പൊലീസ് പരിശോധിക്കുമ്പോള്‍ എന്താണെന്ന് ചോദിക്കാന്‍ പോയ താഹയെ, നീയും ഇതില്‍ പെട്ടവനാണല്ലേ എന്ന് പറഞ്ഞ് പിടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നു”.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

“പുലര്‍ച്ചെ ഒന്നരയോടെ താഹയെ വീട്ടിലെത്തിച്ച പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. അയല്‍വാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് മുദ്രാവാക്യം വിളിപ്പിച്ചത്. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. പൊലീസ് മര്‍ദ്ദിക്കുകയും ചെയ്തു’, ജമീല പറഞ്ഞു.

സി.പി.ഐ.എം അനുഭാവികളായ തങ്ങളുടെ വീട്ടില്‍ പാര്‍ട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ എന്നും ജമീല ചോദിച്ചു. ‘സി.പി.ഐ.എമ്മിന്റെ കൊടിയാണ് പൊലീസുകാര്‍ തെളിവെന്നും പറഞ്ഞെടുത്തത്. താഹക്ക് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങള്‍ കൊറിയറില്‍ വരുന്നത് നിങ്ങള്‍ കാണാറില്ലേ എന്ന് പൊലീസ് എന്നോട് ചോദിച്ചു’, ജമീല വിശദീകരിച്ചു.

മകന് യാതൊരു വിധത്തിലുള്ള മാവോയിസ്റ്റ് അനുകൂല നിലപാടുമില്ലെന്നും ജമീല കൂട്ടിച്ചേര്‍ത്തു.

‘ഇക്വിലാബ് സിന്ദാബാദ് മാവോയിസ്റ്റ് സിന്ദാബാദ്’ എന്ന് താഹയെക്കൊണ്ട് വിളിപ്പിച്ചതായി അയല്‍വാസി പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുദ്രാവാക്യം വിളിച്ചപ്പോള്‍ അപ്പോള്‍ അടുത്തേക്ക് പോയ ജമീലയോട് ഇങ്ങനെ വിളിക്കാന്‍ പൊലീസ് പറഞ്ഞതാണെന്ന് താഹ പറഞ്ഞു. അപ്പോള്‍ പൊലീസ് താഹയുടെ മുഖം പൊത്തിപ്പിടിച്ചെന്നും അയല്‍വാസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ