ദുബായ്: ദുബായ് രാജകുമാരിയും തന്റെ സഹോദരിയുമായ ഷംസയെ കാണാതായ കേസില്‍ യു.കെ പൊലീസ് വീണ്ടുമൊരു അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ദുബായ് രാജകുമാരി ലത്തീഫ.
ഷംസയെ ദുബായ് ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ലത്തീഫ രംഗത്തെത്തിയത്.
കേംബ്രിഡ്ജ്ഷയര്‍ പൊലീസിന് ബുധനാഴ്ചയാണ് സ്വന്തം കൈപ്പടയിലെഴുതിയ രാജകുമാരിയുടെ കത്ത് ലഭിച്ചത്.
തന്നെ പിതാവ് ബന്ദിയാക്കിയിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ലത്തീഫ കഴിഞ്ഞയാഴ്ച ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. ഇതിനൊപ്പമാണ് കേസില്‍ പുതിയ അന്വേഷണം നടത്തുന്നപക്ഷം സഹോദരിയെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് ലത്തീഫ കത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇപ്പോള്‍ 39 വയസുള്ള ഷംസയെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാണാനില്ല. ഷെയ്ഖ് മുഹമ്മദിന്റെ ആളുകളായ ചിലരാണ് കൗമാരക്കാരിയായ ഷംസയെ യു.കെയില്‍ വെച്ച് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
പ്രധാനമന്ത്രിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് തന്റെ രണ്ട് പെണ്‍മക്കളെയും ബന്ദികളാക്കിയിരിക്കുകയാണെന്നും രണ്ടുപേരെയും വ്യത്യസ്ത സമയങ്ങളിലായി തട്ടിക്കൊണ്ടുപോയതായും കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ജഡ്ജി വിധിച്ചിരുന്നു.
അതിനിടെ ദുബായ് രാജകുമാരി ഷംസയുടെ തിരോധാനത്തില്‍ വിവരങ്ങള്‍ തേടി ജോര്‍ദാന്‍ രാജ്ഞി രംഗത്തെത്തിയിരുന്നു. ഷംസയുടെ സഹോദരിയായ ലത്തീഫയെ ദുബായ് ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നൂര്‍ രാജ്ഞി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.
കാണാതായ ആളുകളുടെ അന്വേഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയിലെ അംഗമാണ് നൂര്‍ രാജ്ഞി. ട്വിറ്ററിലൂടെയായിരുന്നു രാജ്ഞി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.
‘ലത്തീഫയുടെ സഹോദരി ഷംസയെവിടെ?,’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജോര്‍ദാന്‍ രാജ്ഞി ട്വീറ്റ് ചെയ്തത്. ലത്തീഫയെ കൂടി തടവിലാക്കിയിരിക്കുകയാണെന്ന ബി.ബി.സിയുടെ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു രാജ്ഞിയുടെ ട്വീറ്റ്.
താന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും തന്റെ ജീവന്‍ തന്റെ കയ്യിലല്ലെന്നും ലത്തീഫ രാജകുമാരി ബി.ബി.സിക്ക് നല്‍കിയ രഹസ്യ വീഡിയോയില്‍ പറഞ്ഞിരുന്നു
2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു.
നേരത്തെ ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ദുബായ് രാജകുടുംബം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ലത്തീഫയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിച്ച് വരികയാണെന്നായിരുന്നു ലത്തീഫയുടെ ചിത്രത്തോടൊപ്പം പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞത്.
ഇതിന് പിന്നാലെ വിഷയത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബായ് രാജകുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം കുടുംബം പ്രസ്താവന പുറത്തുവിട്ടത്. ലത്തീഫയുടെ പുറത്തുവന്ന വീഡിയോ സന്ദേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് യു.കെ പറഞ്ഞിരുന്നു. ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്.
ലത്തീഫ വീട്ടുതടങ്കലിലായ ശേഷം രഹസ്യമായി അവര്‍ക്ക് നല്‍കിയ ഫോണിലാണ് സന്ദേശം റെക്കോഡ് ചെയ്തത്. വീട്ടില്‍ ബാത്ത്റൂമിനുള്ളില്‍ മാത്രമേ വാതിലടക്കാന്‍ സാധിക്കൂ എന്നതുകൊണ്ടു തന്നെ അവിടെ വെച്ചാണ് ലത്തീഫ വീഡിയോകള്‍ ഷൂട്ട് ചെയ്തത്.
കുടുംബത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെട്ട ലത്തീഫ ഇന്ത്യയിലെത്തി യു.എസിലേക്ക് പോകാന്‍ ശ്രമിക്കവെ മുംബൈ തീരത്ത് വെച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് ഭരണാധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം ഷംസ ദുബായില്‍ ബന്ദിയാക്കപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഇതിനിടെ കേംബ്രിഡ്ജ്ഷയര്‍ പൊലീസ് യു.എ.ഇയിലേക്ക് പോകുന്നതും ഷംസയുടെ തിരോധാനത്തെക്കുറിച്ച് തുടര്‍ അന്വേഷണം നടത്തുന്നതും പ്രോസിക്യൂട്ടര്‍മാര്‍ തടഞ്ഞിരുന്നു.
ഇത്തരം വിവരങ്ങള്‍ ആരായുന്നത് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് തടസമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു തടഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക