ഇസ്രഈലുമായുള്ള സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ വിദേശകാര്യ മന്ത്രി വിളിച്ചത് ഇന്ത്യയിലേക്ക്
national news
ഇസ്രഈലുമായുള്ള സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ വിദേശകാര്യ മന്ത്രി വിളിച്ചത് ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2020, 11:28 am

ന്യൂദല്‍ഹി: ഇസ്രഈല്‍-യു.എ.ഇ അനുനയത്തിനു പിന്നാലെ കേന്ദ്രവിദേശ കാര്യമന്ത്രി എസ്. ജയശങ്കറുമായി ഫോണ്‍ സംഭാഷണം നടത്തി യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നയന്‍. ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതി ഇരു വിദേശ കാര്യ മന്ത്രിമാരും ചര്‍ച്ച ചെയ്തു.

ഫോണ്‍ സംഭാഷണത്തെക്കുറിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘ യു.എ.ഇ വിദേശ കാര്യ മന്ത്രി എച്ച്.എച്ച് അബ്ദുള്ള ബിന്‍ സയിദ് നടത്തിയ ഫോണ്‍ കോളിനെ അഭിനന്ദിക്കുന്നു. ഇന്നലെ നടന്ന ഇസ്രഈലും യു.എ.ഇയുമായുള്ള പൂര്‍ണ അനുനയം ചര്‍ച്ച ചെയ്തു,’ എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

യു.എ.ഇ-ഇസ്രഈല്‍ സമാധാന പദ്ധതി നീക്കത്തെ ഇന്നലെ ഇന്ത്യ അഭിനന്ദിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വികാസത്തിനും ഇന്ത്യ നിരന്തരം പിന്തുണ നല്‍കിയിട്ടുണ്ടെന്നും യു.എ.ഇ-ഇസ്രഈല്‍ സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നുമാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.

അതേ സമയം ഈ പിന്തുണ ഫലസ്തീനിനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റം വരുത്തില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇസ്രഈല്‍-യു.എ.ഇ സമാധാന കരാര്‍ സാധ്യമായാല്‍ നയതന്ത്രപരമായി നിരവധി നേട്ടങ്ങള്‍ മുന്നില്‍ കാണുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രഈലുമായി അടുത്ത ബന്ധമാണ് ഇന്ത്യ നിലവില്‍ പുലര്‍ത്തുന്നത്. യു.എ.ഇയുമായും ഇന്ത്യക്കുള്ള മികച്ച നയതന്ത്ര ബന്ധം വെച്ച് നോക്കുമ്പോള്‍ വിവിധ മേഖലകളില്‍ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത സഹകരണം സാധ്യമാവാനിടയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ