Entertainment
ആരാ പറഞ്ഞത് സൂര്യക്ക് ഡാന്‍സ് ചേരില്ലെന്ന്? കിടിലന്‍ സ്റ്റെപ്പുമായി സൂര്യയും കൂടെ ചുവട് വെച്ച് ജോജുവും

കങ്കുവയുടെ ക്ഷീണമെല്ലാം കാറ്റില്‍ പറത്താന്‍ കഴിയുന്ന ചിത്രമായി സൂര്യ ആരാധകര്‍ കാണുന്ന സിനിമയാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജുമായി സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരുന്നു. സൂര്യയുടെ 44ാമത് ചിത്രമാണ് റെട്രോ. ചിത്രത്തില്‍ സൂര്യയുടെ ലുക്ക് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കി പാടി അഭിനയിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1980കളിലെ കല്യാണവീടുകളിലെ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനത്തിന്റെ സെറ്റിങ്. സൂര്യയെ ഗംഭീര ലുക്കും ഡാന്‍സുമാണ് പാട്ടിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

വിമര്‍ശകര്‍ പലരും സൂര്യക്ക് ഡാന്‍സ് ചേരില്ലെന്ന് പറയുമ്പോള്‍ വളരെ മനോഹരമായാണ് താരം ഗാനരംഗത്തില്‍ ചുവടുവെക്കുന്നത്. സൂര്യക്കൊപ്പം ജോജുവും പാട്ടില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. ഇരുവരുടെയും സ്‌ക്രീന് പ്രസന്‍സും ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചത് സംഗീതസംവിധായകന്‍ സന്തോഷ് നാരായണനാണ്.

സന്തോഷില്‍ നിന്ന് ഇത്ര വൈബോടെയും എനര്‍ജിയോടെയുമുള്ള പെര്‍ഫോമന്‍സ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിലെ ആദ്യഗാനവും പാടിയത് സന്തോഷ് നാരായണന്‍ തന്നെയായിരുന്നു. രണ്ട് പാട്ടിലും വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ പ്രത്യക്ഷപ്പെട്ടതെന്നത് ആകാംക്ഷ കൂട്ടുന്ന ഘടകമായി മാറി. ആദ്യഗാനം പോലെ രണ്ടാമത്തെ സിംഗിളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമെന്ന് ഉറപ്പാണ്.

പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. ഗ്യാങ്‌സ്റ്റര്‍ ആക്ഷന്‍ ബാക്ക്ഗ്രൗണ്ടില്‍ പറയുന്ന ഒരു റൊമാന്റിക് ചിത്രമെന്നാണ് റെട്രോയെക്കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും സൂചിപ്പിക്കുന്നത് ഇതേ കാര്യം തന്നെയാണ്. പാരിവേല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാകും സൂര്യ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്.

സൂര്യയുടെ അച്ഛനായാണ് ജോജു റെട്രോയില്‍ വേഷമിടുന്നത്. ജഗമേ തന്തിരത്തിന് ശേഷം ജോജുവിന് ലഭിക്കുന്ന ശക്തമായ കഥാപാത്രമാകും റെട്രോയിലേത്. മലയാളികളുടെ സ്വന്തം ജയറാമും റെട്രോയുടെ ഭാഗമാകുന്നുണ്ട്. പ്രകാശ് രാജ്, കരുണാകരന്‍, സുജിത് ശങ്കര്‍, തമിഴ് തുടങ്ങി വന്‍ താരനിര റെട്രോയില്‍ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Retro movie second single out now