Entertainment news
റിയൽ ലൈഫ് അജേഷിനെ കാണാൻ താത്പര്യമുണ്ട്, സ്വർണത്തിൻ്റെ പണം തരും: ബേസിൽ ജോസഫ്

ഈ വർഷം ഹിറ്റായ സിനിമകളിൽ ഒന്നായിരുന്നു ബേസിൽ ജോസഫ് ചിത്രമായ പൊൻമാൻ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമ സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കറായിരുന്നു. ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു പൊൻമാൻ.

ബേസിൽ ജോസഫിനെക്കൂടാതെ സജിൻ ഗോപു, ആനന്ദ് മന്മദഥൻ, ലിജോമോൾ ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററിൽ വന്ന ആദ്യ ദിവസം തന്നെ പോസിറ്റീവ് റിവ്യു നേടാൻ പൊൻമാനിന് സാധിച്ചിരുന്നു. കൊല്ലം ജില്ലയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. 2025 ജനുവരി 30നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പി.പി അജേഷിനെ അവതരിപ്പിച്ച ബേസിൽ ജോസഫ് യഥാർത്ഥ അജേഷിനെക്കുറിച്ച് സംസാരിക്കുകയാണ്.

അന്നത്തെ സംഭവത്തിന് ശേഷം ആരും അജേഷിനെ കണ്ടിട്ടില്ലെന്നും എവിടെയെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്നും പറയുകയാണ് ബേസിൽ ജോസഫ്. തങ്ങൾക്കെല്ലാവർക്കും റിയൽ ലൈഫിലെ അജേഷിനെ കാണാൻ താത്പര്യമുണ്ടെന്നും കണ്ടുകഴിഞ്ഞാൽ അജീഷിന് കിട്ടാനുള്ള സ്വർണത്തിൻ്റെ അത്രയും പണം തങ്ങൾ കൊടുക്കുമെന്നും ബേസിൽ കൂട്ടിച്ചേർത്തു.

പൊൻമാൻ്റെ പ്രസ് മീറ്റിനിടെയാണ് ബേസിൽ ഇക്കാര്യം സംസാരിച്ചത്.

‘അന്നത്തെ സംഭവത്തിന് ശേഷം അജേഷിനെ നമ്മളാരും കണ്ടിട്ടില്ല. ഈ പറയുന്ന നാലഞ്ച് ചെറുപ്പക്കാരും കണ്ടിട്ടില്ല, വേറാരും കണ്ടിട്ടില്ല. ഇത് കാണുന്ന അജേഷ് പി.പി ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഞങ്ങളുമായിട്ട് ബന്ധപ്പെടുക. ഞങ്ങൾക്കെല്ലാവർക്കും റിയൽ ലൈഫ് അജേഷിനെ നേരിട്ട് കാണാൻ താത്പര്യം ഉണ്ട്.

ഞങ്ങളുടെ അടുത്ത് വന്ന് കഴിഞ്ഞാൽ അല്ലെങ്കിൽ കണ്ട് കഴിഞ്ഞാൽ അജേഷിന് കിട്ടാനുള്ള ആ സ്വർണത്തിനുള്ള അത്രയും പൈസ നമ്മൾ അജേഷിന് കൊടുക്കുന്നതായിരിക്കും. അജേഷ് എവിടെങ്കിലും ഉണ്ടെങ്കിൽ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ബന്ധപ്പെടണം,’ ബേസിൽ പറഞ്ഞു.

Content Highlight: Basil Joseph talking about real life Ajesh P.P