ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ-ക്യൂബ ബിസിനസ് സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഐ.ഇ.ടി.ഒ) സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് ലീഡേഴ്‌സ്, വ്യവസായ വിദഗ്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, റിന്യൂവബിള്‍ എനര്‍ജി, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ബിസിനസ് സമ്മേളനം സംഘടിപ്പിച്ചത്.
ക്യൂബന്‍ ഉപപ്രധാനമന്ത്രി ഡോ. എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡയസ്, ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര, ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസഡറായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.എം.ഡി അഡ്വ. കെ.ജി. അനില്‍ കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഐ.ഇ.ടി.ഒയുടെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാല്‍, ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്‌നോളജി വകുപ്പിലെ ഡോ. സഞ്ജയ് മിശ്ര എന്നിവരും ചടങ്ങിന്റെ ഭാഗമായി.
ക്യൂബയിലെ ശാസ്ത്ര-ബയോടെക്‌നോളജി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ സംരക്ഷണം, കൃഷി, ടൂറിസം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായി.
സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ പൈതൃകം
സമ്മേളനത്തെ അഭിസംബോധന ചെയ്ത ക്യൂബന്‍ ഉപപ്രധാനമന്ത്രി ഡോ. എഡ്വേര്‍ഡോ മാര്‍ട്ടിനെസ് ഡയസ്, ഇന്ത്യയും ക്യൂബയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെ കുറിച്ചും സംസാരിച്ചു.
‘അവശ്യ സയമയങ്ങളില്‍ ക്യൂബയും ഇന്ത്യയും എപ്പോഴും പരസ്പരം നിലകൊണ്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും പുരോഗതി, സുസ്ഥിര-സമഗ്ര വികസനം എന്നിവയില്‍ സമാന കാഴ്ചപ്പാടുള്ളവരാണ്. ആരോഗ്യ സംരക്ഷണം, റിന്യൂവബിള്‍ എനര്‍ജി, വ്യാപാരം തുടങ്ങിയ ഏറ്റവും പ്രധാന മേഖലകളില്‍ സഹകരണത്തിലേക്കുള്ള ചവിട്ടുപടിയാണ് ഈ സമ്മേളനം. ക്യൂബയില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിന് സാങ്കേതികവിദ്യയിലും നിക്ഷേപത്തിലും ഇന്ത്യയുടെ ശക്തി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ അഗ്രഹിക്കുന്നു,’
ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ശ്രീ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര എന്നിവര്‍ സാമ്പത്തിക ഇടപെടലുകള്‍ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കുറിച്ചും സംസാരിച്ചു.
ശാസ്ത്ര-ബയോടെക്‌നോളജിക്കല്‍ സഹകരണം മെച്ചപ്പെടുത്തല്‍
ശാസ്ത്ര ഗവേഷണവും ബയോടെക്‌നോളജി സഹകരണവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകളും പരിപാടിയില്‍ നടന്നു. ബയോമെഡിക്കല്‍ റിസേര്‍ച്ച്, വാക്‌സിന്‍ ഡെവലപ്‌മെന്റ്, ബയോടെക്‌നോളജി ബേസ്ഡ് സൊല്യൂഷന്‍ എന്നിവയിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഡോ. സഞ്ജയ് മിശ്ര സംസാരിച്ചു.
‘ബയോടെക്‌നോളജിയിലും ഫാര്‍മസ്യൂട്ടിക്കല്‍സിലും ക്യൂബയുടെ പുരോഗതി ആഗോളതലത്തില്‍ അംഗികരിക്കപ്പെട്ടിരിക്കുന്നു. ശക്തമായ ഗവേഷണ അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക ശേഷികളുമുള്ള ഇന്ത്യ, വാക്‌സിന്‍ ഉത്പാദനം, രോഗ പ്രതിരോധം, സംയുക്ത ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാന്‍ താത്പര്യപ്പെടുന്നു. ഇരു രാജ്യങ്ങളുടെയും കൂടുതല്‍ നേട്ടത്തിനായി നമ്മുടെ ശാസ്ത്ര സമൂഹങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’
സാമ്പത്തിക ഇടപെടല്‍ ശക്തിപ്പെടുത്തുന്നതില്‍ ഐ.ഇ.ടി.ഒയുടെ പങ്ക്
ഇന്ത്യ-ക്യൂബ വ്യാപാര ബന്ധം വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ എക്കോണമിക് ആന്‍ഡ് ട്രേഡ് അസോസിയേഷന്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ബിസിനസ് സഹകരണങ്ങള്‍ സുഗമമാക്കുന്നതിന് ക്യൂബന്‍ എംബസിയുടെ പിന്തുണയോടെ ഒന്നിലധികം വ്യാപാര ഓഫിസുകള്‍ തുറന്നു. തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ഐ.ഇ.ടി.ഒയുടെ ചുമതലയെക്കുറിച്ച് ആഗോള പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാല്‍ വ്യക്തമാക്കി.
‘ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്, എനര്‍ജി എന്നിവയില്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ക്യൂബ ധാരാളം അവസരങ്ങള്‍ നല്‍കുന്നു. ഐ.ഇ.ടിയില്‍, ബിസിനസ് പ്രതിനിധി സംഘങ്ങളെ സുഗമമാക്കുന്നതിനും വ്യാപാര പങ്കാളിത്തങ്ങള്‍ രൂപീകരിക്കുന്നതിനും തടസ്സമില്ലാത്ത നിക്ഷേപങ്ങള്‍ ഉറപ്പാക്കുന്നതിനും ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പുതിയ സംരംഭങ്ങള്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കുന്നത് ഈ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ ക്യൂബയുമായി കൂടുതല്‍ ശക്തവും ചലനാത്മകവുമായ സാമ്പത്തിക ബന്ധം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ആസിഫ് ഇഖ്ബാല്‍ പറഞ്ഞു.
പ്രധാന മേഖലകളിലെ പങ്കാളിത്തം വികസിപ്പിക്കല്‍
ഇന്ത്യയിലെയും ക്യൂബയിലെയും ബിസിനസുകള്‍ വിവിധ മേഖലകള്‍ ഉപയോഗിച്ച് എങ്ങനെ പരസ്പരം പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഫാര്‍മസ്യൂട്ടിക്കല്‍ സഹകരണങ്ങള്‍ പ്രത്യേക താത്പര്യത്തോടെയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ക്യൂബയുടെ നൂതന ബയോടെക്‌നോളജി, വാക്‌സിന്‍ ഗവേഷണം എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചു.
‘ക്യൂബയുമായുള്ള നമ്മുടെ വ്യാപാര ബന്ധത്തിലെ ഒരു നിര്‍ണായക നിമിഷമാണിത്. അധികം ഉപയോഗിക്കപ്പെടാത്ത ക്യൂബയുടെ അനന്തസാധ്യതകളെ സമ്മേളനം പ്രത്യേകമായി എടുത്തുകാണിക്കുകയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതില്‍ വിശ്വസ്ത പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്നു.
കൃഷി, അസംസ്‌കൃത വസ്തുക്കള്‍, ഊര്‍ജ്ജം, ആരോഗ്യ മേഖല എന്നിവയടക്കം ഇരു രാജ്യങ്ങളിലുടനീളമുള്ള വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന തന്ത്രപരമായ നീക്കങ്ങള്‍ സുഗമമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ കെ.ജി. അനില്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യ-ക്യൂബ ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം
ഉഭയകക്ഷി ബന്ധങ്ങളും ബിസിനസ് നെറ്റ്‌വര്‍ക്കിങ് അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. നിക്ഷേപത്തിനും വ്യാപാര വികാസത്തിനുമുള്ള പുതിയ വഴികള്‍ ഇതിലൂടെ തുറക്കപ്പെട്ടു.
പുതിയ വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുക, ഉയര്‍ന്നുവരുന്ന മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, ഇന്ത്യയും ക്യൂബയും തമ്മിലുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ കൊടുക്കല്‍വാങ്ങലുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതും സമ്മേളനത്തിന്റെ പ്രധാന നേട്ടമായി അടയാളപ്പെടുത്തപ്പെട്ടു.
ഇന്ത്യയും ക്യൂബയും സാമ്പത്തിക സഹകരണത്തിന്റെ പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഈ ബിസിനസ് സമ്മേളനത്തിലൂടെ രണ്ട് രാജ്യങ്ങള്‍ക്കും ദീര്‍ഘകാലത്തേക്കുള്ള നേട്ടങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlight: India-Cuba Business Summit strengthens economic and strategic partnerships